പാലാ:മരിയാസദനത്തിൽ രണ്ടാഴ്ചത്തെ സേവനം പൂർത്തിയാക്കി കൊവിഡ്-19 സന്നദ്ധസേവകർ തൊടുപുഴയ്ക്ക് മടങ്ങി. മരിയാസദനിലെ 416 പേരിൽ 370 പേർക്കും കൊവിഡ് പിടിപെട്ട സാഹചര്യത്തിലാണ് തൊടുപുഴ നിന്നും നാല്പതോളം വോളന്റിയർമാർ മരിയാസദനിൽ രാത്രിയും പകലും സേവനത്തിനായി എത്തിയത്. പി.പി.ഇ കിറ്റ് ധരിച്ച വോളന്റിയർമാർ മരിയാസദനിൽ ഭക്ഷണവിതരണവും മരുന്നുവിതരണവും അണുനശീകരണവും നടത്തിയിരുന്നു. പാലാ ജനറൽ ആശുപത്രിയിൽ നിന്നെത്തിയ മെഡിക്കൽ സംഘത്തെ സഹായിക്കാനും ഇവർ സമയം കണ്ടെത്തി. വോളന്റിയർ കൺവീനർ പി.കെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ 16 പേർ വനിതകളായിരുന്നു. പാലാ ജനറൽ ആശുപത്രിയിലെ കൊവിഡ് സെന്ററിന്റെ ശുചീകരണത്തിലും വോളന്റിയർമാർ പങ്കാളികളായി.
മരിയാസദനത്തിലെ 12 അന്തേവാസികൾ ഒഴികെയുള്ള മുഴുവൻപേരും കൊവിഡ് മുക്തരായതോടെയാണ് ഇന്നലെ സംഘം മടങ്ങിയത്. മരിയാസദനിൽ യാത്രയയപ്പും ഒരുക്കിയിരുന്നു. മുനിസിപ്പൽ കൗൺസിലർ ബൈജു കൊല്ലംപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം മുണ്ടാങ്കൽ പള്ളി വികാരി റവ.ഫാ. മാത്യു കിഴക്കേ അരഞ്ഞാണി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹുവൈസ്, മരിയാസദൻ ഡയറക്ടർ സന്തോഷ് ജോസഫ്, ജയിംസ് വടക്കൻ, നിഖിൽ,സുനിൽ തോമസ് തുടങ്ങിയവർ പങ്കെടുത്തു. മരിയാസദന്റെ ലളിതമായ ഉപഹാരവും സന്നദ്ധസേവകർക്ക് സമ്മാനിച്ചു.