പൈപ്പും പോസ്റ്റും സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു
കോട്ടയം: മാസങ്ങളായി മുടങ്ങിക്കിടന്നിരുന്ന ഈരയിൽക്കടവിലെ പോസ്റ്റ് മാറുന്ന ജോലികൾ പുനരാരംഭിച്ചു. റോഡിന്റെ ഒരു വശത്ത് സ്ഥാപിച്ചിരുന്ന വൈദ്യുത പോസ്റ്റുകൾ റോഡിനും നടപ്പാതയ്‌ക്കും മധ്യഭാഗത്തായാണ് സ്ഥാപിക്കുന്നത്.ഇതിനിടെ റോഡിന്റെ എതിർവശത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്.ഈരയിൽക്കടവ് മുതൽ മണിപ്പുഴ ജംഗ്ഷൻ വരെയുള്ള മൂന്നു കിലോമീറ്ററിലാണ് വെളിച്ചവും വെള്ളവും എത്തിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുന്നത്. എട്ടു ലക്ഷം രൂപ മുടക്കി ഓണത്തിനു മുൻപ് ഇവിടെ 52 വൈദ്യുതി പോസ്റ്റുകളാണ് നേരത്തെ സ്ഥാപിച്ചത്.പോസ്റ്റുകൾ സ്ഥാപിച്ചത് നടപ്പാതയിലാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചത്. ഈരയിൽക്കടവിൽ നിന്നും മുപ്പായിപ്പാടം റോഡിലേയ്‌ക്കുള്ള ഭാഗത്തെ പോസ്റ്റുകളാണ് ഇന്നലെ മാറ്റി തുടങ്ങിയത്. ക്രെയിൻ ഉപയോഗിച്ചാണ് ജോലികൾ നടക്കുന്നത്. ഒരാഴ്‌ച കൊണ്ടു തന്നെ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ പ്രതീക്ഷ. വൈകാതെ തന്നെ വൈദ്യുതി ലൈൻ വലിയ്ക്കുന്ന ജോലികളും ആരംഭിക്കും. നാട്ടകം പ്രദേശത്തേയ്ക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈനുകളാണ് സ്ഥാപിക്കുന്നത്. ഈരയിൽക്കടവ് പാലത്തിന്റെ ഒരുവശം വരെ എത്തിച്ച പൈപ്പ് ഈരയിൽക്കടവ് പാലം മുതൽ മണിപ്പുഴ വരെ സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.