പാലാ: കൊവിഡ് രോഗം മൂലം വലഞ്ഞ പാലാ മരിയാസദനിലെ നാനൂറിൽപരം അന്തേവാസികൾക്കായി മൂവായിരത്തോളം വസ്ത്രങ്ങൾ നൽകി ഏഴാച്ചേരി സ്റ്റോണേജ് നേച്ചർ ആന്റ് കൾച്ചറൽ ക്ലബ് പ്രവർത്തകർ മാതൃകയായി. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറുകണക്കിന് വീടുകളിൽ നിന്ന് സ്റ്റോണേജ് ക്ലബ് പ്രവർത്തകർ ശേഖരിച്ച പഴയതും പുതിയതുമായ വസ്ത്രങ്ങളാണ് മരിയാസദനിൽ എത്തിച്ചത്. കൈലികൾ, ലുങ്കികൾ, ഷർട്ടുകൾ, പാന്റുകൾ, തോർത്തുകൾ, ബഡ്ഡ് ഷീറ്റുകൾ എന്നിവയ്‌ക്കൊപ്പം നിരവധി തലയിണകളും ക്ലബ് പ്രവർത്തകർ മരിയാസദന് കൈമാറി. നിരവധി പേർ വസ്ത്രം വാങ്ങാനുള്ള പണവും സ്റ്റോണേജ് ഭാരവാഹികളെ ഏൽപ്പിച്ചിരുന്നു.
സ്റ്റോണേജ് ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് ജയചന്ദ്രൻ കീപ്പാറമല, സെക്രട്ടറി വിജയകുമാർ ചിറയ്ക്കൽ, സതീഷ് താഴത്തുരുത്തിയിൽ,ജയിസൺ കരിങ്ങോഴയ്ക്കൽ,സോമൻ മുതൂറ്റ്, ജോണി പള്ളിയാരടിയിൽ, അപ്പച്ചൻ കൊച്ചുപറമ്പിൽ, മനോജ് പുത്തൻപുര എന്നിവരുടെ നേതൃത്വത്തിലായിരുന്നു വസ്ത്രങ്ങൾ ശേഖരിച്ചത്. ക്ലബ് പ്രസിഡന്റ് ജയചന്ദ്രൻ കീപ്പാറമലയിൽ നിന്നും മരിയാസദനം ഡയറക്ടർ സന്തോഷ് ജോസഫും ഭാര്യ മിനിയും ചേർന്ന് വസ്ത്രങ്ങൾ ഏറ്റുവാങ്ങി. ജോസ് കെ.മാണി എം.പി, മാണി സി.കാപ്പൻ എം.എൽ.എ, പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, മുനിസിപ്പൽ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ ക്ലബ് പ്രവർത്തകരെ അനുമോദിച്ചു.