പൊൻകുന്നം:ജലക്ഷാമം അതിരൂക്ഷമായ ചിറക്കടവ് പഞ്ചായത്തിൽ വറ്റാത്ത ഉറവകളുള്ള പൊതുകിണറുകൾ റോഡ് വികസനത്തിന്റെ പേരിൽ മൂടുന്നു. പകരം കുഴൽക്കിണർ നിർമ്മിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതൊന്നും നടപ്പാകാത്തതാണ് മുൻ അനുഭവം. പുനലൂർ-പൊൻകുന്നം ഹൈവേയുടെ പ്ലാച്ചേരി റീച്ചിൽ വികസനഭാഗമായി ഏറ്റെടുത്ത സ്ഥലങ്ങളിലെ മൂന്ന് കിണറുകൾ മൂടിപ്പോകും. വർഷങ്ങളായി വറ്റാത്ത ജലം നാട്ടുകാർക്ക് സമ്മാനിച്ച മൂന്നു പൊതു കിണറുകളാണ് ഓർമ്മയാകുന്നത്. ഇതിൽ പൊൻകുന്നം സാന്തോം റിട്രീറ്റ് സെന്ററിന് സമീപത്തെ കിണർ റോഡ് വീതികൂട്ടി നിർമ്മിക്കുമ്പോൾ നടുവിലായി. ഇത് മൂടാതെ വികസനപ്രവർത്തനങ്ങൾ നടത്താനാവില്ല.

മറ്റ് രണ്ടുകിണറുകൾ റോഡിന് വീതികൂടുമ്പോൾ ടാറിംഗിനോട് ചേർന്നുവരും. അതിനാൽ ഇവയും മൂടാതെ നിർവ്വാഹമില്ലെന്ന് അധികൃതർ അറിയിച്ചു. പകരം മൂന്ന് കുഴൽക്കിണർ പ്രദേശവാസികൾക്കായി നിർമ്മിച്ചുനൽകും. ഇതിന് കരാറുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പറയും, പക്ഷേ നടപ്പാകില്ല

മുമ്പ് പുനലൂർ-മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായി പൊൻകുന്നം-പാലാ റോഡിൽ വികസനപ്രവർത്തനങ്ങൾ നടത്തിയപ്പോൾ ഏതാനും കിണറുകൾ മൂടിപ്പോയിരുന്നു. അന്ന് പകരം കിണറുകൾ നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഇവയിൽ നാട്ടുകാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന അട്ടിക്കൽ കവലയിലെയും പൊൻകുന്നം പള്ളിക്ക് എതിർവശത്തേയും കിണറുകൾ സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും കെ.എസ്.ടി.പി.നടപടിയെടുത്തില്ല. അന്ന് പകരം കുഴൽക്കിണർ നിർമ്മിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനും നടപടിയായില്ല. അതേ ഗതി തന്നെയാവരുത് ചിറക്കടവ് മേഖലയിൽ മൂടിപ്പോകുന്ന കിണറുകൾക്കെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.