കടുത്തുരുത്തി : മാഞ്ഞൂർ റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമിക്കുന്നതിന് തടസ്സമായി നിൽക്കുന്ന ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ജലഅതോറിറ്റിയുടെയും റെയിൽവേയുടെയും പ്രധാന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് പൈപ്പ് ലൈൻ മാറ്റുന്നതിന് വേണ്ടിയുള്ള ക്വട്ടേഷൻ സമർപ്പിക്കാൻ നടപടി ഉണ്ടായത്. വാട്ടർ അതോറിറ്റിയും റെയിൽവേയും ഇക്കാര്യത്തിൽ സംയുക്ത പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ കൈമാറിയിട്ടുള്ള 30 ലക്ഷം രൂപയുടെ പ്രവർത്തി എത്രയും പെട്ടെന്ന് നടപ്പിലാക്കാനുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതു കൊണ്ടാണ് കഴിഞ്ഞമാസം ഇത് നടക്കാതെ പോയത്. അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറിയിട്ടുള്ളതാണ്. ഇവിടെ നിലനിൽക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റി അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ റെയിൽവേയും ചെയ്തു. പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി പരിഹരിക്കപ്പെടുന്നതിലൂടെ അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പരമാവധി വേഗത്തിൽ നടപ്പിലാക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.