duck

കോട്ടയം: പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി നീണ്ടൂരിൽ താറാവുകളെയും മറ്റു വളർത്തുപക്ഷികളെയും കൊന്നൊടുക്കുന്ന നടപടികൾ പൂർത്തിയായി. ആകെ 7597 താറാവുകളെയും 132 കോഴികളെയുമാണ് കൊന്നത്. താറാവുകളിൽ ഏറെയും പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലേതാണ്.

കളക്ടർ നിയോഗിച്ച ദ്രുതകർമ്മ സേന രണ്ടാം ദിവസമായ ഇന്നലെ രാവിലെ ഏഴരയോടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിൽനിന്ന് അറിയിച്ചതനുസരിച്ച് മേഖലയിലെ കർഷകർ താറാവുകളെയും കോഴികളെയും ദ്രുതകർമ്മ സേന നിർദേശിച്ച സ്ഥലങ്ങളിൽ എത്തിച്ചു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ. ഷാജി പണിശ്ശേരി, പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസർ ഡോ. സജീവ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

കൊന്ന പക്ഷികളെ കത്തിച്ച് നശിപ്പിച്ച ശേഷം മേഖലയിൽ പക്ഷികളെ വളർത്തിയിരുന്ന ഫാമുകളും വീട്ടു പരിസരങ്ങളും അണുവിമുക്തമാക്കി. നീണ്ടൂർ മേഖലയിൽ പക്ഷിപ്പനി നിയന്ത്രണ വിധേയമായതായി ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലുള്ള ജാഗ്രതാ സംവിധാനം സജീവമായി തുടരുമെന്നും കളക്ടർ വ്യക്തമാക്കി.