കട്ടപ്പന: ഉടമ അറിയാതെ ബാങ്ക് അക്കൗണ്ടിൽ നിന്നു പണം പിൻവലിച്ചതായി പരാതി. ചക്കുപള്ളം സ്വദേശി ജോസഫ് തോമസിന്റെ യൂണിയൻ ബാങ്ക് അണക്കര ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് 35,000 രൂപ നഷ്ടമായത്. 12 വർഷമായി ചെന്നൈയിൽ താമസിക്കുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം ബാങ്കിലെത്തി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരമറിയുന്നത്. അക്കൗണ്ട് തുറക്കുമ്പോൾ ഇദ്ദേഹം ഫോൺ നമ്പർ നൽകിയിരുന്നില്ല. കൂടാതെ എ.ടി.എം. കാർഡും കൈപ്പറ്റിയിരുന്നില്ല. ജോസഫ് നാട്ടിലെത്തുമ്പോൾ ബാങ്കിലെത്തി സ്ലിപ്പ് എഴുതി നൽകിയാണ് പണം പിൻവലിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ പരാതിയിൽ ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ തെലുങ്കാന സ്വദേശിയുടെ മൊബൈൽ നമ്പർ ജോസഫിന്റെ അക്കൗണ്ടിൽ ചേർത്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നാലു തവണയായിട്ടാണ് പണം പിൻവലിച്ചിരിക്കുന്നത്. വാർദ്ധ്യകാല പെൻഷനായ ലഭിച്ചതും മക്കൾ അയച്ചുനൽകിയുമായ പണമാണ് നഷ്ടമായിരിക്കുന്നത്. ബാങ്കിംഗ് ഓംബുഡ്‌സ്മാനും പരാതി നൽകിയിട്ടുണ്ട്.