വൈക്കം : വെച്ചൂരിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് ഉച്ചയോടെ ലഭിക്കും. വെച്ചൂരിൽ നാലു കർഷകരുടേതായി ഇതിനകം 6000 ത്തോളം താറാവുകൾ ചത്തതായി അധികൃതർ പറഞ്ഞു. ഇന്നലെ വെച്ചൂർ തോട്ടുവേലിച്ചിറ ഹംസയുടെ 200ഓളം താറാവുകൾ ചത്തു. ഹംസയുടെ മാത്രം 5000 ത്തോളം താറാവുകളാണ് ചത്തത്. കുട വെച്ചൂർ സ്വദേശി ശിവപ്രസാദ്, കോണത്തുചിറചന്ദ്രൻ ,സനു വിലാസത്തിൽ സത്യൻ എന്നിവരുടെ 700 ഓളം താറാവുകളും കഴിഞ്ഞ ദിവസം ചത്തിരുന്നു.കണ്ണു ചുമന്ന് അവശനിലയിലാകുന്ന താറാവുകൾ അധികം വൈകാതെ ചാകുകയാണ്. മൃഗ സംരക്ഷണ വകുപ്പ് അധികൃതർ പരിശോധനയ്‌ക്കെടുത്ത താറാവുകളുടെ കരൾ അലിഞ്ഞു പോയ നിലയിലായിരുന്നു.ആദ്യം തിരുവല്ലയിലെ ലാബിൽ സാമ്പിൾ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു.താറാവുകൾ ചാകുന്നത് തുടർന്നതിനാൽ ഭോപ്പാലിലെ ലാബിലേയ്ക്ക് വിദഗ്ദ്ധ പരിശോധനയ്ക്കായി വീണ്ടും സാമ്പിൾ അയച്ചു.


വില്പന നിരോധിച്ചു
വെച്ചൂരിനു പുറത്തുള്ള സ്ഥലങ്ങളിൽ നിന്ന് താറാവുകളെ വെച്ചൂരിൽ എത്തിച്ചു വില്പന നടത്തുന്നത് നിരോധിച്ചതായി വെച്ചൂർ പഞ്ചായത്തു പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ അറിയിച്ചു. പഞ്ചായത്ത് അധികൃതരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് അധികൃതരും ഇക്കാര്യം വില്പനക്കാരെ ഇന്ന് രേഖാമൂലം അറിയിക്കും. രോഗബാധയുള്ളിടത്തു നിന്ന് താറാവുകളെ തീറ്റാനും മറ്റുമായി വെച്ചൂരിലെ പാടശേഖരങ്ങളിലെത്തിക്കരുതെന്നും വെച്ചൂരിൽ നിന്നു താറാവുകളെ പുറത്തേക്കു കൊണ്ടു പോകരുതെന്നും കർഷർക്കു നിർദ്ദേശം നൽകിയതായി വെച്ചൂർ വെറ്റിനറി ഡോ.നിമ്മി ജോർജ് അറിയിച്ചു.


നഷ്ടപരിഹാരം ലഭ്യമാക്കണം
രോഗബാധയെ തുടർന്നു താറാവു ചത്തകർഷകർക്ക് അടിയന്തിരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് വെച്ചൂർ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.പരിശോധന ഫലം ആദ്യഘട്ടത്തിൽ നെഗറ്റീവാണെങ്കിലും ആറായിരത്തോളം താറാവുകൾ ചത്തത് താറാവുകൃഷി ഉപജീവനമാക്കിയ കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും മതിയായ നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ കർഷകർക്ക് ഈ മേഖലയിൽ തുടരാകുവെന്നും യോഗം ചൂണ്ടിക്കാട്ടി. വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് എൻ.സുരേഷ് കുമാർ, എൻ.സഞ്ജയൻ, മിനിമോൾ, സോജിജോർജ്, മണിലാൽ, ശാന്തിനി തുടങ്ങിയവർ സംബന്ധിച്ചു.