വൈക്കം : ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പോരായ്മകൾ പരിഹരിക്കുവാനും വികസന പ്രവർത്തനങ്ങൾ നടത്തുവാനും ജനങ്ങളുടെയും ഭക്തരുടെയും ജീവനക്കാരുടെയും കൂട്ടായ്മ അനിവാര്യമാണെന്ന് ദേവസ്വം ബോർഡ് മെമ്പർ പി.എം.തങ്കപ്പൻ പറഞ്ഞു. 1250 ക്ഷേത്രങ്ങളും 4500 ഓളം ജീവനക്കാരുമുള്ള ദേവസ്വം ബോർഡിന്റെ സാമ്പത്തിക സ്ഥിതി വളരെ ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെയും ഭക്തരുടെയും കൂട്ടായ്മ ആവശ്യമായതെന്ന് അദ്ദേഹം പറഞ്ഞു. ഇടയാഴം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉപദേശകസമിതിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിന്റെ ആവശ്യങ്ങളും പോരായ്മകളും അദ്ദേഹം പരിശോധിച്ചു. ഉപദേശക സമിതി സമർപ്പിച്ച ആവശ്യങ്ങൾ പരമാവധി നടപ്പാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രനടയിൽ വച്ച് ഉപദേശക സമിതി പ്രസിഡന്റ് കൈതാരം മോഹൻസ്വാമി പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത്ത്, വെച്ചൂർ പഞ്ചായത്ത് മെമ്പർമാരായ എൻ. സഞ്ജയൻ, എം.സുരേഷ് കുമാർ, ഉപദേശക സമിതി സെക്രട്ടറി കെ. എം. അമൽ, സബ്ഗ്രൂപ്പ് ഓഫീസർ എസ്. മോഹനൻ, പി. കെ. ജയചന്ദ്രൻ, പി. ഗോപി, രമേശൻ, മല്ലിക, ഷിബു എന്നിവർ പങ്കെടുത്തു.