വൈക്കം : സമൂഹം നേരിട്ട വിവിധങ്ങളായ പ്രശ്നങ്ങളെ തൂലിക കൊണ്ട് പോരാടിയ പ്രകൃതി സ്‌നേഹിയായിരുന്നു സുഗതകുമാരിയെന്ന് മുൻ മന്ത്രി കെ.ബാബു പറഞ്ഞു. ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ വൈക്കം കായലോര ബീച്ചിൽ സംഘടിപ്പിച്ച സുഗതകുമാരി ടീച്ചർ അനുസ്മരണവും കാവ്യസന്ധ്യയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയുടെ കാവലാളായിരുന്നു സുഗതകുമാരി. ടീച്ചറുടെ കാവ്യജീവിതത്തിൽ സമൂഹത്തിലെ എല്ലാ ജീവജാലങ്ങളെയും, നദിയെയും, കാടിനെയും, പ്രകൃതിയെയും സ്‌നേഹിക്കുന്ന കാഴ്ചപാടിനായിരുന്നു പ്രാമുഖ്യം നൽകിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഇടവട്ടം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സുഗതകുമാരയുടെ ഓർമ്മയ്ക്കായി കായലോര ബീച്ചിൽ നഗരസഭ ചെയർപേഴ്‌സൺ രേണുകാ രതീഷും, വൈസ് ചെയർമാൻ പി.ടി.സുഭാഷും ചേർന്ന് വൃക്ഷത്തൈ നട്ടു. കൗൺസിലർ ബി.ചന്ദ്രശേഖരൻ, മോഹൻ ഡി.ബാബു, വി.അനൂപ്, ജി.ശ്രീകുമാരൻ നായർ, ഡോ. പുഷ്പലത സനീഷ്, ജേക്കബ് കെ. ജോൺ, ശ്രീദേവി രവികുമാർ, സുരബാല, പി. കെ. മണിലാൽ എന്നിവർ പങ്കെടുത്തു.