thuruthy

ചങ്ങനാശേരി: തുരുത്തി പുന്നമൂട് ജംഗ്ഷനിലെ ബ്ലാക്ക് സ്‌പോട്ട് ഏരിയയിൽ അപകടങ്ങൾ പതിവാകുന്നു. പുതുവർഷാരംഭത്തിൽ ഉദയഗിരി ജംഗ്ഷനിലെ രണ്ട് അപകടങ്ങൾക്ക് പുറമേയാണ് തുരുത്തിയിലും അപകടം തുടർക്കഥയാകുന്നത്. എം സി റോഡിൽ പാലാത്രചിറ മുതൽ ചിങ്ങവനം പുത്തൻപാലം വരെയുള്ള ഭാഗത്താണ് അപകടങ്ങൾ പതിവാകുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനകം നിരവധി പേരാണ് വിവിധ അപകടങ്ങളിലായി ഈ ഭാഗത്ത് മരണപ്പെട്ടത്. ആഴ്ച്ചയിൽ ഏറ്റവും കുറഞ്ഞത് മൂന്ന് അപകടങ്ങൾ വരെ ഇവിടെ സംഭവിക്കാറുണ്ട്. റോഡ് സേഫ്റ്റി അതോറിറ്റി അപകട മേഖലയായി എം.സി റോഡിൽ തുരുത്തി കാനാ മുതൽ പുന്നമൂട് വരെ ബ്ലാക്ക് സ്‌പോട്ട് ആയി പ്രഖ്യാപിച്ചിരുന്നു. തുരുത്തി കാനാ ജംഗ്ഷൻ, പുന്നമൂട് ജംഗ്ഷൻ, തുരുത്തി മിഷ്യൻ പള്ളിക്ക് സമീപം എന്നിവിടങ്ങളിലാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത്.

എം.സി. റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ അമിത വേഗത്തിൽ എത്തുന്നതും അപകടത്തിന് ഇടയാക്കുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള വേഗ നിയന്ത്രണ സംവിധാനങ്ങൾ യാതൊന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല. അതിനാൽ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളിൽ നിന്ന് രക്ഷപ്പെടാനും മാർഗ്ഗമൊന്നുമില്ല. കാൽനടയാത്രക്കാരും റോഡ് മുറിച്ചു കടക്കുന്നവരും ഭയന്നാണ് ഇതുവഴി കടന്നു പോകുന്നത്. തുരുത്തി പുന്നമൂട് ജംഗ്ഷനിലെ വാഹനങ്ങളുടെ തിരക്കുമൂലം റോഡ് മുറിച്ച് കടക്കാൻ സ്‌കൂൾ കുട്ടികളും മുതിർന്നവരും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

വേണം സിഗ്നൽ ലൈറ്റ്

കാവാലം ഭാഗത്ത് നിന്നുള്ള റോഡും ഇത്തിത്താനം ഭാഗത്തു നിന്നുള്ള റോഡും സംഗമിക്കുന്ന തുരുത്തി പുന്നമുട് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്. തുരുത്തി അഞ്ചൽ കുറ്റി മുതൽ പാലാത്രജംഗ്ഷൻ വരെ അടിയന്തരമായി വേഗനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും പുന്നമൂട് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. പാലാത്രചിറ മുതൽ പുത്തൻ പാലം വരെയുള്ള ഭാഗത്ത് നിരവധി അപകട വളവുകളാണ് ഉള്ളത്. രാത്രിയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളതും ഈ ഭാഗത്താണ്. രാത്രിയിൽ സിഗ്നൽ സംവിധാനങ്ങളുടെ അഭാവത്തിൽ സമീപത്തെ വീടുകളിലേക്ക് ഇടിച്ചു കയറി നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. തുരുത്തിയിൽ സിഗ്നൽ ലൈറ്റ് സംവിധാനം ക്രമീകരിക്കണമെന്ന ആവശ്യവും ഉയരുന്നു. അപകടങ്ങൾക്കു ശേഷം മാത്രം നടപടികളുമായി എത്തുന്ന പൊലീസ് ഇടപെടലിലും വിമർശനമുയരുന്നുണ്ട്. എം.സി റോഡിൽ പൊലീസ് പരിശോധനകൾ കാര്യക്ഷമല്ലെന്ന ആരോപണവും ഉയരുന്നു.