മണർകാട്: മിനി എം.സി.എഫുകളിലും സമീപത്തും മാലിന്യങ്ങൾ കുന്നുകൂടി കിടക്കാൻ തുടങ്ങിയിട്ട് നാളുകളായിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതർ. മണർകാട് കോട്ടയം റൂട്ടിലെ പാതയോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫുകളിലും സമീപത്തുമാണ് മാലിന്യകൂമ്പാരങ്ങൾ. കഴിഞ്ഞ ദിവസം പാലാ മുത്തോലിയിൽ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫും സമീപവും മാലിന്യങ്ങളിൽ നിറഞ്ഞു കിടന്നത് സോഷ്യൽ മീഡിയായിലൂടെ ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് അധികൃതരുടെ നേതൃത്വത്തിൽ മാലിന്യം നീക്കിയിരുന്നു. എന്നാൽ, നാളുകളായി മണർകാട് ദേശീയ പാതയ്ക്ക് സമീപം പലയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫുകൾ നിറഞ്ഞും മാലിന്യം കൂടിക്കിടന്നിട്ടും അധികൃതർ കണ്ണടയ്ക്കുന്ന സ്ഥിതിയാണ്. മണർകാട് പമ്പിന് സമീപം ഐരാറ്റുനട, മാധവൻപടി, എന്നിവിടങ്ങളിലാണ് മാലിന്യ പ്രശ്‌നം രൂക്ഷമായിരിക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മിനി എം.സി.എഫുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യ നിർമ്മാർജ്ജനം കാര്യക്ഷമമല്ല. വാഹനങ്ങളിൽ എത്തുന്നവർ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി ഇവിടെ നിക്ഷേപിക്കുന്നതും പതിവായി. മഴ ഇടക്ക് പെയ്യുന്നതിനാൽ മാലിന്യങ്ങൾ അഴുകിയ മലിനജലം റോഡിലേക്കാണ് ഒഴുകുന്നത്. ഇത് ആളുകളിൽ രോഗഭീതിയും ഉണ്ടാക്കുന്നുണ്ട്. അതിരൂക്ഷമായി ദുർഗന്ധം വമിക്കുന്നതിനാൽ ഇതു വഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. തെരുവുനായക്കളും പക്ഷികളും മാലിന്യങ്ങൾ കൊത്തിവലിച്ച് റോഡിലും സമീപ വീടുകളുടെ കിണറുകളിലും കൊണ്ടിടുന്നത് സമീപവാസികളെയും ദുരിതത്തിലാക്കുന്നു. വഴിവിളക്കുകൾ പ്രകാശിക്കാത്തതും നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതും മാലിന്യം വലിച്ചെറിയുന്നവർക്ക് സഹായമാണ്.