കോട്ടയം: പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി നീണ്ടൂരിൽ 7597 താറാവുകളെയും 132 കോഴികളെയും കൊന്നു. വീടുകളിൽ വളർത്തിയിരുന്ന അലങ്കര പക്ഷികളെയും കൊന്നു. താറാവുകളിൽ ഏറെയും പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലേതാണ്. കളക്ടർ നിയോഗിച്ച ദ്രുതകർമ്മ സേനയാണ് താറാവുകളെയും കോഴികളെയും കൊന്ന് തീയിട്ട് നശിപ്പിച്ചത്. പഞ്ചായത്തിൽനിന്ന് അറിയിച്ചതനുസരിച്ച് മേഖലയിലെ കർഷകർ താറാവുകളെയും കോഴികളെയും ദ്രുതകർമ്മ സേന നിർദേശിച്ച സ്ഥലങ്ങളിൽ എത്തിക്കുകയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ. ഷാജി പണിശ്ശേരി, പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസർ ഡോ. സജീവ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
കൊന്ന പക്ഷികളെ കത്തിച്ച് നശിപ്പിച്ച ശേഷം മേഖലയിൽ പക്ഷികളെ വളർത്തിയിരുന്ന ഫാമുകളും വീട്ടു പരിസരങ്ങളും അണുവിമുക്തമാക്കി. നീണ്ടൂർ മേഖലയിൽ പക്ഷിപ്പനി നിയന്ത്രണ വിധേയമായതായി ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലുള്ള ജാഗ്രതാ സംവിധാനം സജീവമായി തുടരുമെന്നും കളക്ടർ വ്യക്തമാക്കി. ആലപ്പുഴ ജില്ലയിൽ ഇതുവരെ 37,656 താറാവുകളെയാണ് കൊന്നത്. അവിടെ 23,657 താറുകൾ ചത്തിരുന്നു. 60 ദിവസത്തിൽ താഴെ പ്രായമുള്ള താറാവിന് 100 രൂപയും അതിനുമുകളിൽ പ്രായമുള്ളതിന് 200 രൂപയും നഷ്ടപരിഹാരം നല്കാനാണ് സർക്കാർ തീരുമാനം. ഇത് വളരെ കുറവാണെന്നാണ് താറാവുകർഷകർ പറയുന്നത്. കെട്ടുതാലി വരെ പണയപ്പെടുത്തിയാണ് മിക്കവരും താറാവ് കുഞ്ഞുങ്ങളെ വാങ്ങി പരിപാലിച്ചിരുന്നത്. കൂടാതെ 90 ശതമാനം കർഷകർക്കും ബാങ്ക് ലോണുണ്ട്.