കോട്ടയം: അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽക്കാൻ എത്തിച്ച് 20 പൊതി കഞ്ചാവുമായി പായിപ്പാട്ട് യുവാവ് അറസ്റ്റിൽ. തൃക്കൊടിത്താനം നാലുകോടി പുതുതാളം വീട്ടിൽ ബിൻസണി(20)നെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഇ.അജീബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. നാലുകോടി, പായിപ്പാട് എന്നിവിടങ്ങളിൽ കഞ്ചാവ് വിൽപ്പന വ്യാപകമാണെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളായി ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. പായിപ്പാടും, നാലുകോടിയിലും കഞ്ചാവുമായി കറങ്ങിനടന്നു വിൽപ്പന നടത്തുകയായിരുന്നു പ്രതി. തമിഴ്‌നാട്ടിൽ നിന്നും കുറഞ്ഞ വിലയിൽ കഞ്ചാവ് എത്തിച്ചാണ് ഇയാൾ പ്രദേശത്ത് വിൽപ്പന നടത്തിയിരുന്നത്. ഒരു പൊതികഞ്ചാവിന് 500 രൂപ വരെയാണ് ഇയാൾ ഈടാക്കിയിരുന്നത്.

കഴിഞ്ഞ ദിവസവും ഇയാൾ തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ചതായി ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളയ്ക്കു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് പൊലീസ് സംഘം പായിപ്പാട് ഭാഗത്ത് നിരീക്ഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. തൃക്കൊടിത്താനം എസ്.ഐ എൻ.രാജേഷ്, എ.എസ്.ഐ മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ യേശുദാസ്, മനോജ്, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, കെ.ആർ അജയകുമാർ,എസ്.അരുൺ, പി.എം ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.