sastri

കോട്ടയം: ശാസ്ത്രീ റോഡിന്റെ മുഖച്ഛായ മാറുന്നു. വീതി കൂട്ടുന്ന ജോലി ധൃതഗതിയിൽ പുരോഗമിക്കുന്നു. ലോഗോസ് ജംഗ്ഷൻ മുതൽ കുട്ടികളുടെ പാർക്ക് വരെയുള്ള ഭാഗത്തെ സംരക്ഷണഭിത്തി നി‌ർമ്മാണം പൂർത്തിയായി. ശീമാട്ടി റൗണ്ടാന മുതൽ ചിൽഡ്രൻസ് പാർക്ക് വരെയുള്ള ജോലികൾ അടുത്തയാഴ്ച ആരംഭിക്കും.

ശീമാട്ടി റൗണ്ടാന മുതൽ ലോഗോസ് വരെയുള്ള റോഡാണ് വീതി കൂട്ടി നിർമ്മിക്കുന്നത്. ഒരു കിലോമീറ്റർ ദൂരത്തിൽ ശാസ്ത്രി റോഡ് വികസനത്തിന് 9.2 കോടി രൂപയാണ് ചെലവഴിക്കുക. മൊത്തം 30 മീറ്റർ വീതിയുള്ള റോഡിൽ ഇരുപുറവും വാഹന ഗതാഗതത്തിന് മാത്രം 15 മീറ്റർ വീതിയാണുണ്ടാവുക. രണ്ട് മീറ്റർ വീതിയിൽ മീഡിയയും ഉണ്ടാവും. ഇരുവശങ്ങളിലായി മൂന്ന് മീറ്റർ വീതിയിൽ സർവ്വീസ് റോഡുമുണ്ടാവും. ഇരുവശങ്ങളിലും ഓട,​ കേബിൾഡക്ട് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

മീഡിയന് ഇരുപുറവും 7.50 മീറ്റർ വീതിയിലാണ് പ്രധാന റോഡ് നിർമ്മിക്കുക. നിലവിൽ ഒരുവശത്ത് 7.50 മീറ്ററും മറുവശത്ത് 6.50 മീറ്ററുമായിരുന്നു വീതി. മരങ്ങൾ നിലനിർത്തിക്കൊണ്ടാണ് ഇരുവശങ്ങളിലും കോൺക്രീറ്റ് മതിൽ തീർത്ത് മണ്ണ് നിരത്തിയത്. മതിൽ ഇല്ലാതിരുന്നതിനാൽ ഏതു സമയത്തും നിലംപറ്റുന്ന രീതിയിലായിരുന്നു മരങ്ങൾ നിന്നിരുന്നത്. ഇപ്പോൾ കോൺക്രീറ്റ് മതിൽ കെട്ടി മണ്ണ് ഇട്ടതോടെ മരങ്ങൾ സുരക്ഷിതമായി. ഇതോടെ പാർക്കിന്റെ ഭാഗത്തെ മരുത്,​ വാകമരങ്ങളും കൂടുതൽ സുരക്ഷിതമായി. യുദ്ധകാലാടിസ്ഥാനത്തിലാണ് പണികൾ പുരോഗമിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള വൃക്ഷങ്ങൾ വെട്ടിമാറ്റരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രകൃതിസ്നേഹികൾ രംഗത്ത് വന്നിരുന്നു. തുടർന്ന് സ്ഥലം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവരുമായി സംസാരിച്ച് കഴിവതും മരങ്ങൾ മുറിക്കാതെ വികസനം നടത്താമെന്ന് പറഞ്ഞിരുന്നു. അതിന്റെ ഫലമായാണ് മരങ്ങൾ സംരക്ഷിച്ച് വീതി കൂട്ടുന്നത്.