കോട്ടയം: നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തി പൈനാപ്പിൾ കർഷകർ. ശബരിമല സീസണിൽ കിലോക്ക് 40 രൂപ ലഭിച്ചിരുന്ന ഇപ്പോൾ പകുതി വില പോലും ലഭിക്കുന്നില്ല. അഞ്ച് കിലോ പൈനാപ്പിളിന് ഇപ്പോൾ നൂറു രൂപയ്ക്കാണ് കച്ചവടക്കാർ വില്ക്കുന്നത്. അതായത് കിലോക്ക് 20 രൂപ. കർഷകന് കിട്ടുന്നതാവട്ടെ കിലോക്ക് 9 രൂപയും. ഈ നില തുടർന്നാൽ അടുത്തവർഷം കൃഷിയിറക്കില്ലായെന്നാണ് കർഷകർ പറയുന്നത്.
ശബരിമല സീസണാണ് പൈനാപ്പിൾ കർഷകരെ താങ്ങി നിർത്തിയിരുന്നത്. നവംബർ മുതൽ ജനുവരി വരെ തീർത്ഥാടകർ കൂടുതലായി ചക്ക വാങ്ങുന്നതിനാൽ ന്യായമായ വില ലഭിച്ചിരുന്നു. ഇക്കുറി തീർത്ഥാടനം നാമമാത്രമായതോടെ വിൽപ്പന തീരേ ഇല്ലാതായി. ഡൽഹിയിൽ കർഷക സമരം വന്നതും കർഷകർക്ക് തിരിച്ചടിയായി.
പ്രതിദിനം 300 ടൺ കൈതച്ചക്കയാണ് ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലേക്ക് കയറിപ്പോയിരുന്നത്. ഡൽഹിയിലെത്തിയശേഷമാണ് ഇത് മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി വിടുന്നത്. ഈ ചരക്ക് നീക്കം പാതിയായി കുറഞ്ഞിട്ടുണ്ടെന്ന് കൃഷിക്കാർ പറഞ്ഞു. ലോഡ് കണക്കിന് പഴം വിറ്റഴിക്കാൻ സാധിക്കാതെ ചീഞ്ഞുപോവുന്നതും കർഷകർക്ക് തിരിച്ചടിയായി. സംസ്ഥാന സർക്കാർ നിശ്ചയിച്ച അടിസ്ഥാന വില 15 രൂപയെങ്കിലും കിട്ടേണ്ടതാണെന്ന് കൃഷിക്കാർ പറയുന്നു.
രണ്ട് രീതിയിലാണ് കോട്ടയം ജില്ലയിൽ പൈനാപ്പിൾ കൃഷി നടക്കുന്നത്. റബ്ബർ വെട്ടിയ സ്ഥലത്ത് പുതിയ തൈ നട്ടുപിടിപ്പിച്ചുകൊടുക്കുന്നതിന് കരാർ എടുക്കുന്ന രീതിയുണ്ട്. ഇവർ നിശ്ചിത വർഷം ഇടവിളയായി പൈനാപ്പിൾ കൃഷി ചെയ്യും. ഒരേക്കറിന് മൂന്ന് ലക്ഷംരൂപ വരെയാണ് പാട്ടമടക്കം ചെലവ് വരിക. കൃഷിക്കാരൻ തന്നെ സ്വയം കൈതത്തോട്ടം ഒരുക്കുന്ന രീതിയുമുണ്ട്. എങ്കിലും ആദ്യരീതിയ്ക്കാണ് പ്രചരണം. അന്യസംസ്ഥാന തൊഴിലാളികളാണ് തോട്ടത്തിൽ പണിയെടുക്കുന്നത്. ലോക്ക്ഡൗണിൽ ഇവർ നാട്ടിലേക്ക് മടങ്ങിയത് പരിപാലനത്തെ സാരമായി ബാധിച്ചു. കൂടിയ കൂലി നൽകി നാട്ടിലെ തൊഴിലാളികളെ വിളിച്ചവരുമുണ്ട്.
ഇപ്പോഴും അന്യ സംസ്ഥാന തൊഴിലാളികൾ പഴയപോലെ വന്നിട്ടില്ല. മൂവാറ്റുപുഴയിൽ നിന്ന് ജീപ്പ് അയച്ചാണ് പാലാ, രാമപുരം, തീക്കോയി മേഖലകളിൽ തൊഴിലാളികളെ എത്തിക്കുന്നത്. ഇവർക്ക് കൂടുതൽ കൂലിയും നൽകണം. 450 രൂപയിൽ നിന്ന് 1000 രൂപയായി ദിവസക്കൂലി.
കൈത തൈയ്ക്ക് ഒരെണ്ണത്തിന് ഏഴ് രൂപയാണ് വില. ചക്കയ്ക്ക് വില ഇടിഞ്ഞിട്ടും തൈയ്ക്ക് വില കുറഞ്ഞിട്ടില്ല. ഒരു ഏക്കർ ഒരുക്കാൻ തന്നെ ഒന്നരലക്ഷം രൂപ വേണ്ടിവരും. ജീവികളും മറ്റും ഉണ്ടാക്കുന്ന നാശം മറ്റൊരു പ്രശ്നമാണ്. ഉണക്ക് ബാധിക്കാതെ തണലിടാനും ചെലവേറും.