
തലയോലപ്പറമ്പ് : വേലിയേറ്റം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തീരദേശ വാസികൾ ഇതുവരെ കാണാത്ത വേലിയേറ്റത്തിന്റെ ദുരിതം അനുഭവിക്കുകയാണെന്നും കായലിൽ നിന്നും പുഴയിൽ നിന്ന് വെള്ളം പുരയിടങ്ങളിലേക്കും വീടുകളിലേക്കും ഇരച്ചുകയറുന്നതിനെ തുടർന്ന് പ്രദേശത്തെ ജനജീവിതത്തെ ദുസഹമാണ്. കൃഷിയിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് കൃഷിനാശവും വീടുകൾക്കും തൊഴിൽ ഉപകരണങ്ങൾക്കും കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. വേലിയേറ്റം മൂലം ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിരസഹായം അനുവദിക്കണമെന്ന് ചെമ്പ് പഞ്ചായത്തിന്റെ ദുരിത ബാധിത മേഖലകൾ സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.പി സിബിച്ചൻ, പി.കെ ദിനേശൻ,എം.കെ ഷിബു, ടി.വി സുരേന്ദ്രൻ , പി.എസ് സാധുമോൻ , എസ്.വി ബാബു, ടി.വി സദാന്ദൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.