കോട്ടയം: കൊവിഡ് വാക്സിൻ ആദ്യ ഘട്ടത്തിൽ ജില്ലയിൽ നൽകുക 22780 പേർക്ക്. വാക്‌സിൻ വിതരണത്തിന്റെ അവസാന ഘട്ട തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനുള്ള ഡ്രൈ റൺ ഇന്ന് ജില്ലയിൽ നടക്കും. പ്രതിരോധ മരുന്ന് കുത്തിവയ്ക്കുന്നത് ഒഴികെ വാക്‌സിനേഷന്റെ എല്ലാ നടപടികളും ഇതിന്റെ ഭാഗമായി ആവിഷ്‌കരിക്കും.
ആയുർവേദം, അലോപ്പതി, ഹോമിയോ വിഭാഗങ്ങളിലുള്ളവർക്കും റെയിൽവേ, നഗരസഭകൾ തുടങ്ങിയ വിവിധ മേഖലകളിലെ ആരോഗ്യ പ്രവർത്തകർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള 25 ആരോഗ്യ പ്രവർത്തകർ വീതമാണ് രാവിലെ ഒൻപതു മുതൽ 11 വരെ മൂന്നു കേന്ദ്രങ്ങളിലും വാക്‌സിൻ സ്വീകർത്താക്കളായി എത്തുക.
ഡ്രൈ റണ്ണിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട കോവിൻ എന്ന പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എത്തേണ്ട സ്ഥലവും തീയതിയും സമയവും ഉൾപ്പെടുന്ന എസ്.എം.എസ് സന്ദേശം ഇവർക്ക് ലഭിക്കും. ഡ്രൈ റൺ കേന്ദ്രങ്ങളിലെ വാക്‌സിനേഷൻ ഓഫീസർമാർക്ക് യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിച്ചാൽ അതത് കേന്ദ്രങ്ങളിൽ വാക്‌സിൻ സ്വീകരിക്കുന്നവരുടെ വിവരങ്ങൾ ലഭ്യമാകും.
വിതരണ കേന്ദ്രങ്ങളിൽ കാത്തിരിപ്പിനും വാക്‌സിനേഷനും വാക്‌സിൻ സ്വീകരിച്ചശേഷമുള്ള നിരീക്ഷണത്തിനും പ്രത്യേകം മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. വ്യക്തി വിവരങ്ങളും അതത് കേന്ദ്രങ്ങളിൽ വാക്‌സിൻ നൽകേണ്ടവരാണോ എന്നതും പരിശോധിച്ച് സ്ഥിരീകരിച്ച ശേഷമായിരിക്കും പ്രവേശനം. തുടർന്ന് വാക്‌സിനേഷൻ ഓഫീസറുടെ മുന്നിൽ എത്തുമ്പോൾ വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തി വാക്‌സിനേഷന് അനുമതി നൽകും.
വാക്‌സിൻ സ്വീകരിക്കുന്നവരെ അരമണിക്കൂർ നിരീക്ഷണത്തിനുശേഷമായിരിക്കും പോകാൻ അനുവദിക്കുക. ഡ്രൈ റണ്ണിലും ഇതേ രീതിയായിരിക്കും പിന്തുടരുക. വാക്‌സിൻ സ്വീകരിക്കുന്നവർക്ക് പാർശ്വഫലങ്ങളുണ്ടായാൽ അടിയന്തര ചികിത്സ നൽകുന്നതിനുള്ള സംവിധാനവും കേന്ദ്രങ്ങളിലുണ്ടാകും. ഇതിനായി ദ്രുത കർമ്മ സേനയെ നിയോഗിക്കും. ജില്ലാബ്ലോക്ക് തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും ഉണ്ടാകും.
സൂക്ഷിക്കുന്നത് 86 കേന്ദ്രങ്ങളിൽ
ജില്ലാ, താലൂക്ക് ആശുപത്രികൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ തുടങ്ങി 86 കേന്ദ്രങ്ങളിലാണ് വാക്സിൻ സൂക്ഷിക്കുക. ഇതിനായി മുപ്പതിനായിരത്തോളം സിറിഞ്ചുകൾ ആദ്യഘട്ടമായി നൽകും.
ഡ്രൈ റൺ നടത്തുന്നത്:
കോട്ടയം ജനറൽ ആശുപത്രി,
ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം,
ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റി