കടുത്തുരുത്തി : കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നിന്ന് ഹൈടെക് സ്കൂളുകളുടെ ഉന്നത നിലവാരത്തിലേക്ക് തിരഞ്ഞെടുത്ത പെരുവ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെയും, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെയും പുതിയ ബ്ലോക്കുകളുടെ താക്കോൽ ദാനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു.
സംസ്ഥാന സർക്കാർ അനുവദിച്ച 5 കോടി രൂപയും, എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി 66 ലക്ഷം രൂപയും വിനിയോഗിച്ചായിരുന്നു നിർമ്മാണം. ആദ്യഘട്ടത്തിൽ പൂർത്തിയായ ഹയർസെക്കൻഡറി ബ്ലോക്കും, വൊക്കേഷണൽ ഹയർ സെക്കൻഡറി ബ്ലോക്കും ഉപയോഗിച്ച് ഹൈസ്കൂൾ വിഭാഗം ഉൾപ്പെടെയുള്ള എല്ലാ ക്ലാസുകളും ക്രമീകരിക്കുന്നതിനുള്ള നടപടികളാണ് നടപ്പാക്കിയിട്ടുള്ളത്.
ഹൈസ്‌കൂൾ വിഭാഗം കെട്ടിട സമുച്ചയമാണ് ഇനി പൂർത്തിയാക്കാനുള്ളത്. സർക്കാരിൽ നിന്ന് ഇതിനായി കൂടുതൽ ഫണ്ട് ലഭിക്കാത്ത സാഹചര്യത്തിൽ 88 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് കൂടുതലായി അനുവദിച്ചതായി എം.എൽ.എ അറിയിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവൻ നായർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത്, സ്‌കൂൾ പ്രഥമാദ്ധ്യാപകരായ ഐ.സി മണി, ജിജോ ജോൺ, റീന എം.വി, പൊതു വിദ്യാഭ്യാസ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ പ്രസാദ്, പി.ടി.എ വൈസ് പ്രസിഡന്റ് വേണു എം.ആർ എന്നിവർ പ്രസംഗിച്ചു.
അനുവദിച്ച തുക ഇങ്ങനെ
സംസ്ഥാന സർക്കാർ : 5 കോടി
എം.എൽ.എ ഫണ്ട് : 1 കോടി 66 ലക്ഷം
വേഗത്തിൽ പൂർത്തിയാക്കും
ഹൈസ്‌കൂൾ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കുന്നതിന് പ്രവർത്തിയുടെ ചുമതല വഹിക്കുന്ന കൈറ്റിന്റെയും, വാപ്‌കോസിന്റെയും പ്രതിനിധികൾക്ക് എം.എൽ.എ നിർദേശം നൽകി. ഹൈസ്‌കൂൾ ബ്ലോക്കിന്റെ നിർമ്മാണം പൂർത്തീകരിച്ചാൽ ഉടൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.