saseendran

കോട്ടയം: എൻ.സി.പി പിളരുമെന്ന് ഉറപ്പായതോടെ അണികളെ ഒപ്പം നിറുത്താൻ ശശീന്ദ്രൻ, കാപ്പൻ വിഭാഗങ്ങൾ പ്രത്യേക യോഗങ്ങൾ വിളിക്കുന്നു. എല്ലാ ജില്ലകളിലും നാളെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന സി.എച്ച് ഹരിദാസ് അനുസ്മരണസമ്മേളനവും അതിന്റെ മറവിൽ ഏ..കെ.ശശീന്ദ്രൻ വിഭാഗം പ്രവർത്തകരുടെ ഗ്രൂപ്പ് യോഗവും ചേരുന്നുണ്ട്.

മാണി സി. കാപ്പൻ വിഭാഗം ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് ചാടാൻ തക്കം പാർത്തിരിക്കുമ്പോൾ ' ഇടതു മതേതതര ജനാധിപത്യ കൂട്ടായ്മയുടെ ആവശ്യകത ' എന്ന വിഷയത്തിലുള്ള സെമിനാറാണ് അനുസ്മരണ ദിനത്തിൽ നടത്തുന്നത്. ഇടതു മുന്നണി നേതാക്കളാണ് ഉദ്ഘാടകർ. കോട്ടയത്ത് ഉദ്ഘാടനം ചെയ്യുന്നത് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവനാണ് . സി.പി.ഐ, കേരള കോൺഗ്രസ് ജോസ് വിഭാഗം അടക്കം ജില്ലാ സെക്രട്ടറിമാരും സംസാരിക്കും. മാണി സി. കാപ്പന്റെ പേര് നോട്ടീസിലുണ്ടെങ്കിലും പങ്കെടുക്കില്ല.

നാളെ ഉച്ചകഴിഞ്ഞ് കോട്ടയത്ത് കാപ്പൻ വിഭാഗവും സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ മാസ്റ്റർ പങ്കെടുക്കുന്ന ജില്ലാ അവലോകന യോഗം വിളിച്ചിട്ടുണ്ട്. ഇതിനകം ഇവർ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യോഗം വിളിച്ചിരുന്നു. കോട്ടയത്തെ യോഗം 17നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ശശീന്ദ്രൻ വിഭാഗം യോഗം ചേരുന്നതറിഞ്ഞതോടെ നാളത്തേയ്ക്കു തന്നെ മാറ്റി.

കാപ്പന്റെ തട്ടകമായ കോട്ടയം ജില്ലയിലും മുൻതൂക്കം അവകാശപ്പെടുന്ന ശശീന്ദ്രൻ വിഭാഗം പത്തനംതിട്ട, കാസർകോട് ജില്ലാ പ്രസിഡന്റുമാരൊഴിച്ച് മറ്റ് ജില്ലാ നേതാക്കളാരും ഇടതു മുന്നണി വിട്ടുപോകില്ലെന്നാണ് അവകാശപ്പെടുന്നത്.