kayyettam

സ്റ്റോപ്പ് മെമ്മോ നൽകിയെന്ന് വില്ലേജ് അധികൃതർ

കുമരകം: തിരുവാർപ്പ് പഞ്ചായത്തിൽ സർക്കാർ ഭൂമി കൈയേറുന്ന സംഭവവും നിലംനികത്തലും വ്യാപകമായി. ചെങ്ങളം മൂന്ന്മൂല കവലയ്ക്ക് സമീപം നിലം നികത്തുന്നതായി പരാതിയുയർന്നിരുന്നു. രാത്രികാലങ്ങളിലാണ് ഇവിടെ മണ്ണെത്തിച്ച് നിലംനികത്തുന്നത്. അതേസമയം വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിലം നികത്തുന്നവർക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതായി ചെങ്ങളം സൗത്ത് വില്ലേജ് ഓഫീസർ വ്യക്തമാക്കി. മാർത്താഢശ്ശേരി അബ്ദുൾ ഖാദർ, പുത്തൻവീട് കെ.പി. മക്കാർ എന്നിവർക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. വർഷങ്ങളോളം പാടശേഖരങ്ങൾ കൃഷി ചെയ്യാതെ തരിശിട്ടതിന് ശേഷം നികത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിലവധി പരാതികളുയർന്നിരുന്നു. കോട്ടയം - കുമരകം റോഡിൽ അയ്യമാന്തറക്ക് സമീപം പുറംമ്പോക്കിൽ കെട്ടിടം നിർമ്മിച്ച സംഭവത്തിലും നടപടി നീളുകയാണ്. വൈദ്യുതി കണക്ഷനും, കെട്ടിട നമ്പരും വരെ അനധീകൃത കെട്ടിടത്തിന് ലഭിച്ചു. നിർമ്മാണത്തിന് സ്റ്റോപ് മെമ്മോയും തുടർന്ന് പൊളിച്ച് മാറ്റാൻ ഉത്തരവും നൽകിയിട്ടും നടപടിയുണ്ടായില്ല. ഇല്ലിക്കൽ കവല ഉൾപ്പെടെ തിരുവാർപ്പിന്റെ മറ്റ് പല പ്രദേശങ്ങളിലും നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്രാനും നടപടിയായിട്ടില്ല.