dcc

കോട്ടയം: പി.സി.ജോർജിനെ യു.ഡി.എഫിൽ എടുക്കുന്നതിനെതിരെ ഡി.സി.സി അവലോകന യോഗത്തിൽ വിമർശനം. തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് കോൺഗ്രസിന്റെ പരാജയം പഠിക്കാൻ എത്തിയ എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കരിവാരിത്തേക്കാൻ ശ്രമിച്ച ജോർജുമായി ബന്ധം പാടില്ലെന്ന് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഇല്യാസ് ആവശ്യപ്പെട്ടു. ജോർജിന് അനുകൂല നിലപാട് മറ്റുള്ളവരിൽ നിന്നുമുണ്ടായില്ല .

യു.ഡി.എഫ് കോട്ടയായ കോട്ടയത്ത് യു.ഡി.എഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലായിരുന്നു യോഗം. രാവിലെ ഡി.സി.സി ഭാരവാഹികൾ , ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുടെ യോഗവും ഉച്ച കഴിഞ്ഞ് മണ്ഡലം പ്രസിഡന്റുമാരുടെ യോഗവും നടന്നു. ഇരുയോഗത്തിലും ഐവാൻ ഡിസൂസ പങ്കെടുത്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് കൂടുതൽ സീറ്റുകൾ നേടുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും വിലയിരുത്തി. വാർഡിൽ അറിയപ്പെടുന്ന പ്രവർത്തകരെ ബൂത്ത് തല ഏജന്റന്മാരാക്കണമെന്ന പൊതു അഭിപ്രായം ഉണ്ടായി. സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഘടകകക്ഷികൾക്ക് കൂടുതൽ സീറ്റ് നൽകാതെ കോൺഗ്രസ് പരമാവധി സീറ്റുകളിൽ മത്സരിക്കണമെന്ന ആവശ്യവും ഉയർന്നു . കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തു. ഐവാൻ ഡിസൂസ എ.ഐ.സി.സിക്കു നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കോൺഗ്രസ് പുനസംഘടനാ തീരുമാനം.

തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആന്റോ ആന്റണി, ലതികാ സുഭാഷ്, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് , കുര്യൻ ജോയ്, അഡ്വ. ടോമി കല്ലാനി, എം.ജി. ശശിധരൻ, നാട്ടകം സുരേഷ്, പി.എസ്.രഘുറാം, , സലീം പി. മാത്യൂ, ഫിലിപ്പ് ജോസഫ്, ജി.ഗോപകുമാർ, എം.പി സന്തോഷ് കുമാർ,ഫിൽസൺ മാത്യൂ, യൂജിൻ തോമസ് തുടങ്ങിയവർ സംബന്ധിച്ചു.

യൂത്ത് കോൺഗ്രസ് നിർജീവം

യുവാക്കൾക്ക് കൂടുതൽ സീറ്റ് വേണമെന്നാവശ്യപ്പെടുന്ന യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനം നിർജീവമാണ് . ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല. പ്രവർത്തനം നഗരത്തിൽ മാത്രം ഒതുങ്ങുന്നു. ഗ്രാമീണ മേഖലകളിൽ ഒരു പരിപാടിയും നടത്താത്ത യൂത്ത് നേതാക്കൾ പത്രവാർത്തകളിൽ നിറഞ്ഞു നിൽക്കാൻ മാത്രമാണ് താത്പര്യം കാട്ടുന്നതെന്നും ന്യൂജെൻ വിഭാഗത്തെ പാർട്ടിയിലേക്ക് കൊണ്ടു വരാനുള്ള ശ്രമമുണ്ടാകുന്നില്ലെന്ന വിമർശനവും ഉയർന്നു .