prethikal

ചങ്ങനാശേരി: എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് വീട്ടുമുറ്റത്ത് നിന്ന വിദ്യാർത്ഥിയുടെ നെഞ്ചിൽ പരിക്കേറ്റു. പൊട്ടശ്ശേരി കടുത്താലിൽ താഴ്ചയിൽ പദ്മകുമാർശോഭ ദമ്പതികളുടെ മകൻ അമ്പാടിയുടെ (14) നെഞ്ചിലാണ് പെല്ലറ്റ് തുളച്ചുകയറിയത്. സംഭവത്തിൽ തൃക്കൊടിത്താനം സന്തോഷ് നഗർ പാറയിൽ അജേഷ് (26), ചങ്ങനാശേരി പൊട്ടശ്ശേരി തൈപ്പറമ്പിൽ അൻസിൽ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. അജേഷും അൻസിലും കൂട്ടുകാരും ചേർന്ന് പൊട്ടശ്ശേരി ഭാഗത്ത് ചതുപ്പു പാടശേഖരത്ത് അലക്ഷ്യമായി എയർഗൺ ഉപയോഗിക്കുന്നതിനിടെ വീട്ടുമുറ്റത്ത് നിന്ന അമ്പാടിക്ക് നേരെയും ചൂണ്ടി. അമ്പാടി നടന്നു മാറുന്നതിനിടെ വെടിയേറ്റു. പാതി തുളഞ്ഞു കയറിയ പെല്ലറ്റ് അമ്പാടി തന്നെ ഊരിയെടുത്തു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. കൂടുതൽ പരിശോധനയ്ക്കായി ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ചങ്ങനാശേരി എസ്.ബി ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

തൃക്കൊടിത്താനം ഇൻസ്‌പെക്ടർ എ. അജീബ്, എസ്.ഐമാരായ രാജേഷ്, സജി സാരംഗ്, എ.എസ്.ഐ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. അജേഷ് നിരവധി ക്രിമിനൽ കേസുകളിലും അൻസിൽ മയക്കുമരുന്നു കേസിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.