കോട്ടയം: പെരുമഴയിൽ വെള്ളം കെട്ടിക്കിടന്ന് ഏറ്റുമാനൂർ - ചെറുവാണ്ടൂർ പാടശേഖരങ്ങളിലെ വിത നശിച്ചു. നൂറ് ഏക്കറോളം വരുന്ന പാടശേഖരത്തിന്റെ പാതിയിൽ താഴെ മാത്രമാണ് മുൻ കാലങ്ങളിൽ കൃഷി ചെയ്തിരുന്നത്. ചെറുവാണ്ടൂർ ചാൽ നവീകരണത്തിനും കൃഷിക്കും വേണ്ടി രൂപം കൊണ്ട ജനകീയ സമിതിയുടെ പ്രേരണയിൽ തരിശ് കിടന്നിരുന്ന പാടശേഖരങ്ങൾ ഉൾപ്പെടെ ഇത്തവണ കർഷകർ തന്നെ മുൻകൈയ്യടുത്ത് കൃഷിയിറക്കുകയായിരുന്നു. അൻപത് മുതൽ നൂറ്റി ഇരുപത്തഞ്ച് മീറ്റർ വരെ വീതിയിൽ ഒഴുകിയിരുന്ന ചെറുവാണ്ടൂർ ചാൽ ഇന്ന് മാലിന്യം നിറഞ്ഞ കൈത്തോട് മാത്രമാണ്. ചാൽ ഇല്ലാതായതോടുകൂടി വേനൽക്കാലത്ത് ഇരുകരകളിലെയും കിണറുകൾ വറ്റും. കുടിവെള്ളക്ഷാമം രൂക്ഷമാവും. വർഷകാലത്താകട്ടെ വെള്ളപ്പൊക്കവുമുണ്ടാകും.
ചാലിന്റെ വീതിയും
ആഴവും കൂട്ടണം
ഏറ്റുമാനൂരിൽ നിന്ന് ആരംഭിക്കുന്ന ചാൽ മീനച്ചിലാറ്റിലാണ് ചെന്നു ചേരുന്നത്. ഇസ്കഫിന്റെ നേതൃത്വത്തിൽ ഉയർന്നു വന്ന ജനകീയ ഇടപെടലിനെ തുടർന്ന് ചാലിന്റെ വീതിയും ആഴവും കൂട്ടി ബണ്ട് നിർമ്മിച്ച് നവീകരിക്കുന്നതിന് മൈനർ ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പണി ആരംഭിക്കാൻ കഴിഞ്ഞില്ല. ഒരാഴ്ചക്കുള്ളിൽ എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കുമെന്നാണ് ഇറിഗേഷൻ വകുപ്പിൽ നിന്നറിയിച്ചത്.
'വർഷങ്ങളായി തരിശ് കിടന്ന പാടശേഖരം കൃഷിക്കായി ഒരുക്കിയെടുത്തത് വലിയ പണച്ചെലവിലും അദ്ധ്വാനത്തിലുമാണ്. വായ്പ വാങ്ങി കൃഷി ചെയ്ത കർഷകർക്ക് മതിയായ നഷ്ട പരിഹാരം നൽകണം.'
അഡ്വ.പ്രശാന്ത് രാജൻ,
ജനകീയ സമിതി കൺവീനർ