അടിമാലി: 3.5 കോടി രൂപ വിലമതിക്കുന്ന ആഡംബര കാറായ ലംബോർഗിനി ഹുറാക്കാൻ കേരളത്തിൽ നടൻ പൃഥ്വിരാജിനും കോട്ടയത്തെ മറുനാടൻ വ്യവസായി സിറിൾ ഫിലിപ്പിനും സ്വന്തം. മൂന്നാമത്തേത് 'സ്വയം നിർമ്മിച്ച്'സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് കൂലിപ്പണിക്കാരൻ ഇടുക്കി സേനാപതി കുളക്കോഴിച്ചാൽ കേളംക്കുഴയ്ക്കൽ അനസ് ബേബി. എം.ബി.എ ബിരുദക്കാരനാണ്.
പ്രളയത്തിൽ തകർന്ന വീട് പുനർനിർമിക്കാൻ പോലും പണമില്ലാത്ത തനിക്ക് ലംബോർഗിനി പോയിട്ട് ഒരു നല്ല ബൈക്ക് പോലും വാങ്ങാൻ സാധിക്കില്ലെന്ന് ഈ 25കാരന് നന്നായറിയാം. അതുകൊണ്ട്, സ്വപ്നമായ ലംബോർഗിനി നിർമിക്കുകയായിരുന്നു. അതിനു വേണ്ടിവന്നത് ഒന്നര വർഷവും രണ്ടു ലക്ഷം രൂപയും. പണം കണ്ടെത്താൻ പന്തൽപ്പണിയും വാർക്കപ്പണിയും കാറ്ററിംഗ് ജോലിയുമൊക്കെ ചെയ്തു.
അനസിന് ചെറുപ്പത്തിലേ വാഹനങ്ങളോട് വലിയ കമ്പമായിരുന്നു. എന്നാൽ കളിപ്പാട്ടം പോലും വാങ്ങാൻ പണമുണ്ടായിരുന്നില്ല. എല്ലാം സ്വയം നിർമിച്ചാണ് ശീലം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ സൈക്കിൾ ബൈക്കാക്കി മാറ്റി വീട്ടുകാരെ അദ്ഭുതപ്പെടുത്തി. പാലക്കാട്ട് എം.ബി.എ പഠനം കഴിഞ്ഞ് മംഗലാപുരത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി കിട്ടി. അപ്പോഴും വാഹനങ്ങളോടുള്ള കമ്പം വിട്ടില്ല. അതു കൂടിക്കൂടി വന്നു. ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തി.
ആലുവയിലെ കാർ ഷോറൂമിലാണ് ലംബോർഗിനി കാർ ആദ്യമായി നേരിൽ കാണുന്നത്. പിന്നീട് നടൻ പൃഥ്വിരാജ് ലംബോർഗിനി വാങ്ങിയെന്ന വാർത്ത കണ്ട് ആ കാറിന്റെ മോഡലിൽ തന്നെ ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. രാവും പകലും അതിനുവേണ്ടിയായി അദ്ധ്വാനം. യൂട്യൂബിൽ നിന്ന് കാറിനെ പറ്റി പഠിച്ചു. ആദ്യം പേപ്പർ രൂപമുണ്ടാക്കി.
പക്ഷേ, 2018ലെ മഹാപ്രളയം എല്ലാം തകർത്തു. ആകെയുണ്ടായിരുന്ന വീട് തകർന്നു, പിന്നാലെ പിതാവ് ബേബിയുടെ മരണം. ഇതോടെ കുടുംബഭാരം അനസിന്റെ ചുമലിലായി. എങ്കിലും സ്വപ്നം കാത്തുസൂക്ഷിച്ചു. കൂലിപ്പണി ചെയ്ത് സമ്പാദിച്ച തുകയിലൊരുഭാഗം മാറ്രിവച്ചു. ഇതുമായി പാലാക്കാടും തൃശൂരും മംഗലാപുരത്തും പോയി പഴയ വണ്ടികളുടെ പാർട്സ് വാങ്ങി. 110 സി.സി ബൈക്കിന്റെ എൻജിൻ സംഘടിപ്പിച്ച ശേഷം ഇരുമ്പു കൊണ്ട് ചട്ടക്കൂട് നിർമിച്ചു. പഴയ ഫ്ളെക്‌സും പ്ലാസ്റ്റിക് വസ്തുക്കളും വരെ നിർമാണത്തിന് ഉപയോഗിച്ചു.
ഒന്നരവർഷത്തിനിപ്പുറം അനസിന്റെ വീട്ടുമുറ്റത്ത് ഒരു പച്ച ലംബോർഗിനി രൂപംപ്രാപിച്ചു. മുകളിലേക്ക് തുറക്കുന്ന ഡോറും, കോക്പിറ്റിനെ ഓർമിപ്പിക്കുന്ന കാബിനും ബാക്ക് എൻജിനും ഓട്ടോമാറ്റിക് സംവിധാനങ്ങളുമെല്ലാമായി ഒരു കൊച്ചു 'ലംബോർഗിനി.' ഡിസ്‌ക് ബ്രേക്ക്, പവർ വിൻഡോ, സൺ റൂഫ്, മുന്നിലും പിന്നിലും കാമറകൾ തുടങ്ങി ഒരു ആഡംബര വാഹനത്തിലെ സൗകര്യങ്ങളെല്ലാം അനസിന്റെ കാറിലുണ്ട്.
സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച കാർ പെട്ടെന്ന് വൈറലായി. കാറിന്റെ വീഡിയോ കണ്ട് ലംബോർഗിനിയുടെ ബംഗളൂരു ഷോറൂമിൽ നിന്ന് അഭിനന്ദനവും തേടിയെത്തി. അമ്പതിനായിരം രൂപ കൂടി മുടക്കി ഇലക്ട്രിക് വാഹനമാക്കണമെന്നാണ് ആഗ്രഹം.
അമ്മ മേഴ്‌സിയും അനുജൻ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അജസും ഈ സാഹസത്തെ തുടക്കത്തിൽ എതിർത്തെങ്കിലും ഇപ്പോൾ കൂടെയുണ്ട്. വണ്ടി റോഡിലിറക്കാനാകില്ലെങ്കിലും ഇടവഴികളിലും മറ്റും ഓടിച്ച് തന്റെ മോഹം സഫലമാക്കുകയാണ് അനസ്.