കട്ടപ്പന: സംസ്ഥാനത്തെ മികച്ച നഗരസഭകളിലൊന്നായിട്ടും കട്ടപ്പനയിൽ പാചകവാതക ഏജൻസിയില്ല. നഗരത്തിൽ മുമ്പുണ്ടായിരുന്ന ഏജൻസിയുടെ ലൈസൻസ് റദ്ദാക്കിയിട്ട് 15 മാസം പിന്നിടുകയാണ്. പുതിയ ഏജൻസിക്ക് ലൈസൻസ് നൽകാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ നടപടി സ്വീകരിച്ചിട്ടില്ല. നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള 30,000ൽപ്പരം പാചകവാതക ഉപയോക്താക്കൾക്ക് കാഞ്ചിയാർ, ഇരട്ടയാർ, കുമളി എന്നിവിടങ്ങളിലെ ഏജൻസികളിൽ നിന്നാണ് നിലവിൽ സിലിണ്ടർ എത്തുന്നത്. ക്ഷാമമില്ലെങ്കിലും യഥാസമയം സിലിണ്ടറുകൾ ലഭിക്കുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. കൂടാതെ അധിക സർവീസ് ചാർജും നൽകേണ്ടിവരുന്നു.
അടുപ്പിനോ, അനുബന്ധ ഉപകരണങ്ങൾക്കോ തകരാറുകൾ ഉണ്ടായാൽ ഏജൻസി ഓഫീസിൽ എത്തണമെങ്കിൽ കിലോമീറ്ററുകൾ യാത്ര ചെയ്യണം. മറ്റു സേവനങ്ങൾക്കായി ഏജൻസി ഓഫീസുകളിൽ നിന്നും ആളുകൾ എത്താറില്ല.
മൂന്നു പതിറ്റാണ്ടിലധികമായി പ്രവർത്തിച്ചിരുന്ന ഡിവൈൻ ഗ്യാസ് ഏജൻസിയുടെ ലൈസൻസ് 2019 സെപ്തംബറിലാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ റദ്ദാക്കിയത്. ബിനാമി പേരിൽ സ്ഥാപനം നടത്തുന്നതായും അമിതതുക ഉപയോക്താക്കളിൽ നിന്നു ഈടാക്കുന്നതായും സ്ഥിരമായി ഏജൻസിയിൽ ഉണ്ടാകേണ്ടയാൾ വിദേശത്ത് കഴിയുന്നതായുമുള്ള പരാതികളെത്തുടർന്നായിരുന്നു നടപടി.