ടൂറിസം മേഖലയായ ഉറുമ്പിക്കരയിൽ പുതിയ പദ്ധതികൾ
മുണ്ടക്കയം: ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ പുതിയ പദ്ധതികളുമായി കൊക്കയാർ ഗ്രാമപഞ്ചായത്ത്. ടൂറിസം മേഖലയുടെ വികസനത്തിനൊപ്പം കുടിവെള്ളപദ്ധതിക്കും പ്രാധാന്യം നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയമോഹനൻ വ്യക്തമാക്കി.
പഞ്ചായത്തിലെ പ്രധാന ടൂറിസം മേഖലയായ ഉറുമ്പിക്കര കേന്ദ്രീകരിച്ച് പദ്ധതികൾ നടപ്പാക്കും. വെംബ്ലി പാപ്പാനി, വെള്ളപ്പാറ, വടക്കേമല വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയൊരുക്കും. ഇവിടെ വിനോദസഞ്ചാരികൾക്കായി സൗകര്യമൊരുക്കുന്നതിനൊപ്പം മിനി ജലപദ്ധതിയും നടപ്പിലാക്കും. ഇതിനായി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് മന്ത്രി എം.എം.മണി സ്ഥലം സന്ദർശിച്ചിരുന്നു.
ഫ്ലാറ്റ് നിർമ്മിക്കും
ലൈഫ് മിഷൻ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയമോഹനൻ വ്യക്തമാക്കി.ബോയിസ് സ്വകാര്യ റബർ തോട്ടം ഉടമകളോട് ആവശ്യപ്പെട്ട സ്ഥലം ലഭ്യമാണങ്കിൽ അവിടെ ഫ്‌ളാറ്റ് നിർമ്മിച്ചു നല്കും. കനകപുരം കളിക്കളം വിപുലീകരിക്കും, ഒപ്പം ബോയ്‌സിലെ കളിക്കളത്തിനു പകരമായി അവിടെ സ്റ്റേഡിയം നിർമ്മിക്കാനാവശ്യമായ നടപടി സ്വീകരിക്കും.കുറ്റിപ്ലാങ്ങാട് മേഖലയിലെ പട്ടയ പ്രശ്‌നം പരിഹരിക്കും. മാലിന്യം സംസ്‌കരണത്തിനാവശ്യമായ പദ്ധകൾ നടപ്പിലാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.