കട്ടപ്പന: നഗരസഭ പരിധിയിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ മോഷണം വ്യാപകമാകുന്നു. ബുധനാഴ്ച ഇടുക്കിക്കവലയിലും ഒരാഴ്ചമുമ്പ് വെള്ളയാംകുടിയിലുമാണ് പട്ടാപ്പകൽ കവർച്ച നടന്നത്. നിർത്തിയിടുന്ന വാഹനങ്ങൾ നിരീക്ഷിച്ച് സമീപത്തെത്തി ലോക്ക് തന്ത്രപരമായി തുറക്കും. തുടർന്ന് സാധനങ്ങൾ മോഷ്ടിച്ച് വേഗത്തിൽ സ്ഥലത്തുനിന്നു രക്ഷപ്പെടും. തിരക്കേറിയ കട്ടപ്പന നഗരത്തിൽ മോഷണം നടന്നതോടെ ആളുകളും ജാഗ്രതയിലാണ്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ഇടുക്കിക്കവലയിൽ പാർക്ക് ചെയ്തിരുന്ന മാരുതി കാറിൽ നിന്നും യുവതിയുടെ ബാഗ് അടക്കം മോഷണം പോയി. സമീപത്തെ ഫർണിച്ചർ കടയിൽ പോയി തിരികെ വന്നപ്പോഴാണ് കാറിൽ നിന്നു ബാഗ് നഷ്ടപ്പെട്ട വിവരമറിയുന്നത്. പുതിയ മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, ആധാർ കാർഡ്, ഇതര രേഖകൾ എന്നിവ ബാഗിലുണ്ടായിരുന്നു. ഇവർ നൽകിയ പരാതിയെത്തുടർന്ന് കട്ടപ്പന പൊലീസ് സമീപത്തെ കടയിലെ സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവാവ് കാർ തുറന്ന് ബാഗുമായി പോകുന്നതായി കണ്ടെത്തി.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് വെള്ളയാംകുടിയിലെ ഹോട്ടലിന്റെ മുമ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും പണം കവർന്നിരുന്നു. തുടർന്ന് സി.സി. ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.