കട്ടപ്പന: സുപ്രീംകോടതി വിധിക്കും 1934ലെ സഭാ ഭരണഘടനയ്ക്കും വിധേയമായി മാത്രമേ സഭയിൽ സമാധാനം സാദ്ധ്യമാകുകയുള്ളൂവെന്ന് ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ് പറഞ്ഞു. ചക്കുപള്ളം ഗത്സിമോൻ അരമനയിൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയമവാഴ്ച ഉറപ്പാക്കേണ്ട സർക്കാർ സുപ്രീംകോടതി വിധിക്കെതിരെ സമരം നടത്തുന്നവർക്ക് ഒത്താശ ചെയ്യുന്നത് സത്യപ്രതിജ്ഞ ലംഘനമാണ്. സർക്കാരിനെ കൂട്ടുപിടിച്ച് വിധി അട്ടിമറിക്കാനാണ് വിമതപക്ഷത്തിന്റെ ശ്രമം. യോഗത്തിൽ ഭദ്രാസന സെക്രട്ടറി റവ. കെ.ടി. ജേക്കബ് കോർ എപ്പിസ്‌കോപ്പ, ഫാ. ജോർജ് വർഗീസ്, ഫാ. മാത്യു ജോൺ, ഭദ്രാസനത്തിലെ വൈദികർ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ആദ്ധ്യാത്മിക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.