വൈക്കം : പുല്ലും കുറ്റിച്ചെടികളും വളർന്നു തിങ്ങി വർഷങ്ങളായി തരിശുകിടന്ന രണ്ടേക്കർ പുരയിടം കൃഷിയോഗ്യമാക്കി നടത്തിയ പച്ചക്കറി കൃഷിയിൽ മികച്ച വിളവ്. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ദളവാക്കുളം ബസ് ടെർമിനലിന് സമീപത്തെ ഗീതാഞ്ജലിയിൽ ആർ.അശോക് കുമാറിന്റെ രണ്ടേക്കർ പുരയിടം വെച്ചൂർ ഇടയാഴം വലിയ മംഗലത്ത് ജോയി വി.മാത്യുവാണ് വിളഭൂമിയാക്കിയത്. തക്കാളി, വെള്ളരി, കാബേജ്, വഴുതന, വെണ്ട, കുക്കുമ്പർ, വാളവരയ്ക്ക തുടങ്ങിയ പച്ചക്കറികൾക്കൊപ്പം 600 ഏത്തവാഴയും ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചു നടത്തുന്ന കൃഷിക്കു ജോയിയുടെ ഭാര്യ ജോസഫീനയുടെ സഹായവും സ്ഥല ഉടമ അശോക് കുമാറിന്റെ ഭാര്യ ദീപയുടെ പിന്തുണയുമുണ്ട്. സ്വന്തമായി 13 സെന്റ് സ്ഥലം മാത്രമുള്ള ജോയി 12 വർഷമായി ജോയ് കാർഷിക രംഗത്ത് സജീവമാണ്. ഇടയാഴം, തോട്ടാപ്പള്ളി, വേരുവള്ളി എന്നിവടങ്ങളിലായി മൂന്നര ഏക്കർ സ്ഥലത്തു കൂടി പാട്ടകൃഷിയുണ്ട്.