വൈക്കം : നടേൽ ലിറ്റിൽ ഫ്ലവർ പള്ളിയിൽ വി.കൊച്ചുത്രേസ്യായുടെ തിരുനാളിന് വികാരി ഫാ.ബെന്നി പാറേക്കാട്ടിൽ കൊടിയേറ്റി. ഫാ.ടോണി മാണിക്കത്താൻ, ഫാ.ആൽബിൻ പാറേക്കാട്ടിൽ എന്നിവർ സഹകാർമ്മികരായി. അൾത്താരയിൽ വച്ച് വെഞ്ചരിച്ച കൊടിക്കൂറ കൊടിമരച്ചുവട്ടിലേക്ക് പ്രദക്ഷിണമായി എഴുന്നള്ളിച്ചു. കൊടിയേറ്റിന് മുമ്പായി നടന്ന പാട്ടുകുർബാനയ്ക്ക് ഫാ.ആൽബിൻ പാറേക്കാടടിൽ മുഖ്യകാർമ്മികനായി. ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ നഗരം ചുറ്റിയുള്ള പട്ടണ പ്രദക്ഷിണവും ഒഴിവാക്കി. വൈക്കം വെൽഫെയർ സെന്ററിൽ നടത്തിയിരുന്ന വേസ്പര ചടങ്ങുകൾ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് പള്ളിയിൽ വച്ച് ലളിതമായ ചടങ്ങുകൾ നടത്തും. വെള്ളിയാഴ്ച ആരാധന ദിനമായി ആചരിക്കും. രാവിലെ ദിവ്യബലി വൈകിട്ട് 4 ന് പൊതുആരാധന , ദിവ്യകാരുണ്യ പ്രദക്ഷിണം. രാവിലെ മുതൽ വൈകിട്ട് വരെ നീളുന്ന ആരാധനയ്ക്ക് ഓരോ കുടുംബയൂണിറ്റുകളും നേതൃത്വം നല്കും. ശനിയാഴ്ച വൈകിട്ട് നടക്കുന്ന വേസ്പര ചടങ്ങുകൾ. തിരുനാൾ ദിനമായ ഞായറാഴ്ച ഭക്തരുടെ സൗകര്യാർത്ഥം നാല് കുർബാനകളാണ് ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം പള്ളിക്ക് ചുറ്റുമായി മാത്രം ഒതുക്കും.