കുമരകം : തണ്ണീർമുക്കം ബണ്ടിന്റെ 13 ഷട്ടറുകൾ അടിയന്തരമായി ഉയർത്തി. ഇന്നലെ ഉച്ചയ്ക്കാണ് ഷട്ടറുകൾ ഉയർത്തിയത്. കിഴക്കൻ മേഖലയിൽ പെയ്ത കനത്തമഴയെ തുടർന്ന് ജലാശയങ്ങളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പുഞ്ചകൃഷി സംരക്ഷിക്കാൻ വേണ്ടിയാണ് ഷട്ടറുകൾ തുറന്നത്. പ്രിൻസിപ്പൽ കൃഷി ഓഫീസർ ശലോമി തോമസിന്റെ ശുപാർശയെ തുടർന്നാണ് ഷട്ടറുകൾ ഉയർത്തിയത് .ഷട്ടറുകൾ ഉയർത്തിയെങ്കിലും ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടില്ല. ബണ്ടിനപ്പുറവും ജലനിരപ്പ് ഉയർന്നു നിൽക്കുന്നതാണ് ജലം ഒഴുകി കടലിലേക്ക് പോകാത്തതിന് കാരണം. ക്രമീകരണം അനുസരിച്ച് മാർച്ച് 15ന് തുറക്കേണ്ട ഷട്ടറുകളാണ് ഇന്നലെ തുറക്കേണ്ടി വന്നത്.കുമരകം പ്രദേശത്തെ കാട്ടേഴുതുശ്ശേരി, പത്തു പങ്ക് പാടശേഖരങ്ങളിൽ പുറംബണ്ട് കവിഞ്ഞ് ഇന്നലെ മുതൽ വെള്ളം കയറി തുടങ്ങിയിരുന്നു.