കറുകച്ചാൽ : പെട്രോൾ നിറയ്ക്കന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാരെയും ഉടമയെയും ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. പത്തനാട്ടെ പമ്പിൽ വ്യാഴാഴ്ച്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. തങ്ങളുടെ ബൈക്കിന് ഇന്ധനം നിറച്ച ശേഷം മറ്റുള്ളവർക്ക് നൽകിയാൽ മതിയെന്ന് ബൈക്കിലെത്തിയ സംഘം ജീവനക്കാരോട് പറഞ്ഞു. ഇത് എതിർത്തതിനെ തുടർന്ന് അക്രമിസംഘം ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ഉടമ സ്വരജിത്ത് ലാലിന് നേരെ കത്തിവീശുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നാട്ടുകാർ ഓടിക്കൂടിയതിനെ തുടർന്ന് അസഭ്യം പറഞ്ഞ ശേഷം ഇവർ സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു. തുടർന്ന് രണ്ട് ബൈക്കുകളിലായി നാലു പേർ 11.30 ഓടെ പമ്പിലെത്തി മദ്യപിക്കുകയും ഉടമയെ കൊല്ലുമെന്നും ഭീഷണിമുഴക്കി. പൊലീസ് എത്തിയതോടെ അക്രമിസംഘം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. വൈകുന്നേരം മൂന്നരയോടെ ഇവർ വീണ്ടും പമ്പിലെത്തി ഭീഷണി മുഴക്കി. കാർ യാത്രികർക്ക് നേരെ മുളക് സ്പ്രേ ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് സംഭവത്തിന് പിന്നിലെന്ന് ഉടമ പറഞ്ഞു. കറുകച്ചാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.