വൈക്കം: തലയാഴത്ത് പാലം തകർന്ന് രണ്ട് കുട്ടികൾ തോട്ടിൽ വീണു. മുങ്ങിത്താഴുന്നതിനിടെ നാട്ടുകാർ രക്ഷകരായി. തലയാഴം 6ാം വാർഡിൽ കുരുന്നക്കട പുത്തൻപാലം തോടിന് കുറുകെയുള്ള പാലത്തിങ്കൽ ചാലിപ്പീടിക പാലമാണ് ഇന്നലെ ഉച്ചയോടെ തകർന്ന് വീണത്. ആ സമയം സൈക്കിളുമായി പാലം കടക്കുകയായിരുന്ന മാടപ്പള്ളിക്കാട് സണ്ണിയുടെ മകൻ എട്ടാം ക്ലാസുകാരനായ അരുൺ ബേബി, കണ്ണങ്കേരിത്തറ രഞ്ജിത്തിന്റെ മകൻ 6ാം ക്ലാസിൽ പഠിക്കുന്ന ദേവനാരായണൻ എന്നിവർ പാലത്തിനൊപ്പം തോട്ടിൽ വീണു. സമീപത്തെ ചാലിപ്പീടിക വീട്ടിൽ കൃഷ്ണകുമാർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ കുട്ടികൾ മുങ്ങിത്താഴുന്നതാണ് കണ്ടത്. പള്ളിപറമ്പിൽ ജിൻസും ഒപ്പം ഓടിവന്നു. ഇരുവരും തോട്ടിലേക്ക് എടുത്തുചാടി കുട്ടികളെ കരയ്‌ക്കെത്തിച്ചു. സൈക്കിൾ സഹിതമാണ് കുട്ടികൾ നല്ല ആഴവും 15 മീറ്ററിലധികം വീതിയുമുള്ള തോട്ടിലേക്ക് വീണത്. 9ാം ക്ലാസുകാരനായ ശ്രീജിത്ത് മനോജും അപകടത്തിൽ പെട്ട കുട്ടികൾക്കൊപ്പം പാലത്തിൽ കയറിയെങ്കിലും പാലം തകരുംം മുൻപ് അക്കരെയെത്തിയിരുന്നു.
പന്ത്രണ്ട് വർഷം മുൻപ് പഞ്ചായത്ത് പണികഴിപ്പിച്ച പാലം കോൺക്രീറ്റ് സ്ലാബുകൾകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പാലം അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നതാണ്. ഈട്ടാത്തറ കോളനി നിവാസികളടക്കം 150 ഓളം കുടുംബങ്ങളുടെ യാത്രാമാർഗ്ഗമാണ് തകർന്ന പാലം. പാലത്തിന്റെ മദ്ധ്യഭാഗം പൂർണ്ണമായി തകർന്നു വീണു.
തലയാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനിമോൻ, അംഗങ്ങളായ രമേശ് പി.ദാസ്, ഭൈമി വിജയൻ എന്നിവർ സംഭവസ്ഥലത്തെത്തി.