പാലാ നഗരസഭാ ഭരണം സമീപകാലം വരെ യു.ഡി.എഫിന്റെ കൈയിലായിരുന്നു. ജോസ് കെ. മാണി യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയിലെത്തിയതോടെ അര നൂറ്റാണ്ടിനു ശേഷം ഇടതു മുന്നണിയുടെ കൈയിലായി . ചെയർമാൻ സ്ഥാനം ഇടതു മുന്നണി ജോസ് വിഭാഗത്തിന് നൽകിയപ്പോൾ തുടക്കത്തിലേ ഇത്ര പൊല്ലാപ്പാകുമെന്നു ആരും കരുതിയില്ല.
പുതിയ ചെയർമാനായ ആന്റോ ജോസഫ് ആദ്യ ഭരണ പരിഷ്കാരമായി ചെയ്തത് ചെറിയാൻ ജെ. കാപ്പൻ സ്മാരക സ്റ്റേഡിയ കവാടത്തിന് മുന്നിൽ കംഫർട്ട് സ്റ്റേഷൻ എന്നൊരു ബോർഡ് വച്ചതായിരുന്നു . മുള്ളാൻ മുട്ടുന്ന പാലാക്കാർ മുണ്ടും പൊക്കിപ്പിടിച്ച് വഴിയിൽ നിന്ന് മുള്ളാതെ സ്റ്റേഡിയത്തിനകത്തെ ടോയ്ലറ്റിൽ മൂത്രശങ്ക തീർത്തോട്ടെ എന്ന സദുദ്ദേശത്തോടെ കൗൺസിലിൽ ആരോടും ചോദിക്കാതെ ചെയ്ത ജനസേവനമായിട്ടും പണി പാളിയെന്നു പറഞ്ഞാൽ മതി.
ചെറിയാൻ ജെ. കാപ്പൻ സ്വാതന്ത്യസമരസേനാനി മാത്രമല്ല ജോസ് കെ. മാണിയുടെ ബാഡ് ബുക്കിലുള്ള മാണി സി. കാപ്പൻ എം.എൽ. എയുടെ പിതാവുമാണ്. "എന്നെ മാത്രം ഉദ്ദേശിച്ചു ചെയ്തതാണെന്ന് ജഗതി ഒരു സിനിമയിൽ പറഞ്ഞതു പോലെ മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണെന്നു പറഞ്ഞതു പോലായി പിന്നത്തെ കാര്യങ്ങൾ.
നാട്ടുകാരെ മുള്ളിപ്പിക്കാൻ നോക്കിയത് പാരയായതോടെ വിവാദത്തിൽ നിന്ന് എങ്ങനെയും തലയൂരാൻ കംഫർട്ട് സ്റ്റേഷൻ ബോർഡ് മാറ്റി നഗരസഭാ ചെയർമാൻ ആന്റോ ജോസ് . തുരുമ്പുപിടിച്ച ഗേറ്റ് മാറ്റി ചെറിയാൻ ജെ. സ്മാരക സ്റ്റേഡിയ കവാടത്തിന് പുതിയ ഗേറ്റ് സ്ഥാപിച്ചു. അരലക്ഷം രൂപയോളമാണ് ഇതിനായി മുടക്കിയത്. യു.ഡി.എഫ് ഭരണകാലത്തെ കൗൺസിലിൽ പുതിയ ഗേറ്റ് സ്ഥാപിക്കുന്നതിന് അനുമതി ആയിരുന്നെങ്കിലും നടപ്പാക്കാൻ പറ്റിയിരുന്നില്ല. എൽ.ഡി.എഫ് കൗൺസിൽ ചുമതലയേറ്റ ഉടൻ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നേരം വെളുക്കും മുമ്പ് തുരുമ്പിച്ച ഗേറ്റും മൂത്രപ്പുര ബോർഡും മാറ്റി പുതിയ ഗേറ്റ് സ്ഥാപിച്ച് ആന്റോ വിവാദമുയർത്തിയവരുടെ വാ പൂട്ടി. കാപ്പൻ സ്മാരക കവാടത്തിന് മുന്നിൽ ബസ് സ്റ്റോപ്പായതിനാൽ മുൻവശത്ത് തന്നെ പാലായിലെ സാമൂഹ്യവിരുദ്ധർ മുണ്ട് പൊക്കിപ്പിടിച്ച് പ്രാഥമിക ആവശ്യങ്ങൾ നടത്തിയിരുന്നു. അധികാരമേറ്റയുടൻ ഇത് ശ്രദ്ധയിൽപ്പെട്ടതിനാൽ ഗേറ്റ് തുറന്നിടാൻ നിർദ്ദേശം നൽകുകയാണുണ്ടായതെന്ന് ആന്റോ വിശദീകരിച്ചു.
ജോസ് വിഭാഗത്തിന് ചെയർമാൻ സ്ഥാനം നൽകിയെങ്കിലും സി.പി.എം വിട്ടു കൊടുക്കുന്നില്ല. സ്റ്റേഡിയം പ്രവേശന കവാടത്തിൽ സ്ഥാപിച്ച പുതിയ ഗേറ്റിന്റെ പിതൃത്വം ഏറ്റെടുത്ത് എട്ടുകാലി മമ്മൂഞ്ഞായി ചെയർമാൻ മാറരുതെന്നായിരുന്നു സി.പി.എം നേതാവ് ബിനു പുളിക്കക്കണ്ടത്തിന്റെ പരിഹാസം. ജോസ് വിഭാഗത്തിന് ഇതത്ര സുഖിച്ചിട്ടില്ലെങ്കിലും ഇടതു മുന്നണിയിലേക്ക് ചുവപ്പ് പരവതാനി വിരിച്ച വല്യേട്ടനെ മധുവിധു കാലത്ത് തന്നെ പിണക്കാൻ തന്റേടമില്ലാത്തതിനാൽ ശബ്ദം താഴ്ത്തി തെറി പറയുകയാണ് .