dryrun

കോട്ടയം: കൊവിഡ് വാക്‌സിനേഷന് മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ഡ്രൈ റൺ വിജയം. ഇനി വാക്സിനായുള്ള കാത്തിരിപ്പ്.

കോട്ടയം ജനറൽ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റി എന്നിവിടങ്ങളിലാണ് ഇന്നലെ കുത്തിവയ്പ്പ് ഒഴികെയുള്ള നടപടിക്രമങ്ങൾ ആവിഷ്‌കരിച്ചത്. മൂന്നു കേന്ദ്രങ്ങളിലും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന 25 പേർ വീതം സ്വീകർത്താക്കളായി പങ്കെടുത്തു. കോട്ടയം ജനറൽ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മിയുടെയും കളക്ടർ എം. അഞ്ജനയുടെയും സാന്നിദ്ധ്യത്തിലാണ് ഡ്രൈ റൺ ആരംഭിച്ചത്. കൊവിൻ സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്ത് വാക്‌സിൻ സ്വീകരിക്കാനെത്തുന്നവരുടെ വ്യക്തിവിവരങ്ങൾ സ്ഥിരീകരിക്കുന്നതു മുതൽ വാക്‌സിൻ സ്വീകരിച്ച് അരമണിക്കൂർ നിരീക്ഷണത്തിനുശേഷം മടങ്ങുന്നതു വരെയുള്ള ഘട്ടങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

വാക്‌സിൻ സ്വീകരിക്കുന്നവരിൽ ആർക്കെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്ത് വിദഗ്ധ ചികിത്സക്കായി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണവും പരീക്ഷിച്ച് കാര്യക്ഷമത ഉറപ്പാക്കി.

പിന്നീട് കളക്ടറുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗവും ചേർന്നു. ഡ്രൈ റൺ പൂർണ വിജയമാണെന്നും വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് കുത്തിവയ്പ്പ് നടത്തുന്നതിന് ജില്ല സജ്ജമാണെന്നും കളക്ടർ പറഞ്ഞു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരി തുടങ്ങയിവർ ജനറൽ ആശുപത്രിയിലും മെഡിക്കൽ ഓഫീസർ ഡോ. ജോസഫ് ആന്റണി, നോഡൽ ഓഫീസർ ഡോ. അനീഷ് വർക്കി എന്നിവർ ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലും എ.ഡി.എം അനിൽ ഉമ്മൻ, ഡെപ്യൂട്ടി ഡി.എം.ഒ പി.എൻ. വിദ്യാധരൻ തുടങ്ങിയവർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും നേതൃത്വം നൽകി.