കോട്ടയം: പുതുവർഷത്തിൽ അളവില്ലാതെ മഴ പെയ്തപ്പോൾ വരൾച്ചയോട് അടുത്തിരുന്ന ജില്ലയ്ക്ക് ആശ്വാസമായി. ഒരു വിഭാഗം കാർഷിക വിളകൾക്ക് പ്രയോജനപ്പെട്ടെങ്കിലും റബർ, കുരുമുളക്, കാപ്പി എന്നിവയ്ക്ക് ദോഷമായി.
രാവിലെ തണുപ്പ്. ഉച്ചവരെ കൊടുംചൂട്. ഉച്ചകഴിഞ്ഞാൽ മാനംമൂടിക്കെട്ടി തിമിർത്ത് പെയ്ത്ത്. വറ്റിത്തുടങ്ങിയ ആറിലും കിണറിലും തോടുകളിലുമെല്ലാം ജലനിരപ്പ് ഉയർന്നു.
ലഭിച്ചത് 87.3 മില്ലി ലിറ്റർ മഴ
ഈ മാസം ഇതുവരെ ജില്ലയിൽ 87.3 മില്ലീമീറ്റർ മഴ പെയ്തുവെന്ന് പുതുപ്പള്ളി റബർ ഗവേഷണ കേന്ദ്രത്തിന്റെ കണക്ക്. ഇത്രയും അളവിൽ മഴ പെയ്യുന്നതും ആദ്യമാണ്. കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പെയ്തത് വെറും 10.7 മില്ലീമീറ്റർ മാത്രമായിരുന്നു. 2020ൽ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മഴക്കുറവ് 75 ശതമാനമായിരുന്നു.
കഴിഞ്ഞ 35 വർഷത്തിനിടെ ജനുവരിയിൽ ഏറ്റവും കൂടുതൽ മഴ പെയ്തതും ഇത്തവണയാണ്.