
കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് വിട്ടതോടെ കോട്ടയത്ത് ഒഴിവുവന്ന അഞ്ചു നിയമസഭാ സീറ്റിലേക്കും തങ്ങളെ തഴഞ്ഞ് "ഷഷ്ടിപൂർത്തി പിന്നിട്ട യുവാക്കളെ " പരിഗണിക്കുന്നതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. അർഹമായ പരിഗണന ആവശ്യപ്പെട്ട് കോട്ടയത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസക്ക് പരാതിയും നൽകി.
ഉമ്മൻചാണ്ടി ഒഴിച്ച് കൂടുതൽ തവണ മത്സരിച്ചവരെ ഇക്കുറി പരിഗണിക്കരുതെന്നാണ് പ്രധാന ആവശ്യം. കേരള കോൺഗ്രസ് എമ്മിന്റെ കൈവശമിരുന്ന ഏറ്റുമാനൂർ, പാല, പൂഞ്ഞാർ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ കോൺഗ്രസിന് ലഭിക്കുമെന്ന പ്രതീക്ഷയിൽ നിരവധി നേതാക്കൾ രംഗത്തു വന്നിരുന്നു. മാണി സി കാപ്പൻ, പി.സി.ജോർജ് , പി.സി തോമസ് തുടങ്ങിയവർ യു.ഡി.എഫിലെത്തിയാൽ ഈ സീറ്റുകൾ കുറയും . മറ്റു ജില്ലകളിൽ മത്സരിച്ച നേതാക്കൾ കോട്ടയം ജില്ലയിൽ സുരക്ഷിത സീറ്റ് ഉറപ്പിക്കാൻ നീക്കം നടത്തുന്നത് അംഗീകരിക്കരുതെന്നും എ.ഐ.സി.സി സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന കിട്ടിയില്ല . മത്സരിച്ച യുവാക്കളിൽ ഏറെയും ജയിച്ചു. ഗ്രൂപ്പ് താത്പര്യം നോക്കി ഉന്നത നേതാക്കൾ സീറ്റ് നൽകിയ ആശ്രിതന്മാർ തോറ്റു. ഒമ്പതു നിയമസഭാ സീറ്റിൽ രണ്ടു സീറ്റിലെങ്കിലും യുവാക്കളെ പരിഗണിക്കണമെന്നാണ് ആവശ്യം . സീനിയർ നേതാക്കളാകട്ടെ യൂത്തന്മാരുടെ ആവശ്യത്തോട് മുഖം തിരിച്ചു നിൽക്കുകയാണ്.
ജനപിന്തുണയുള്ള യുവാക്കളില്ല
ജനപിന്തുണയുള്ള യുവജനനേതാക്കൾ ഇല്ലാത്തതിനാൽ നിയമസഭാ മണ്ഡലങ്ങളിൽ ജയിക്കുക ബുദ്ധി മുട്ടാണെന്നാണ് സീനിയേഴ്സിന്റെ വാദം. എഴുപതു കഴിഞ്ഞ നേതാക്കൾക്ക് പിറകേ ഒഴിവുവന്ന സീറ്റുകൾക്കായി ഇടി കൂടുന്നവരുടെ ശരാശരി പ്രായം അറുപതാണ്. നാൽപ്പതു വയസിൽ താഴെയുള്ള ഒരാളുടെ പേരു പോലും നിലവിൽ പരിഗണനയിലില്ലാത്തതാണ് യൂത്തന്മാരുടെ പ്രതിഷേധത്തിന് കാരണം.
യൂത്ത് കോൺഗ്രസ് യോഗം ഇന്ന്
ഇന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പൊതുയോഗം ചേരും. സീനിയേഴ്സ് മാറി നിൽക്കണമെന്നും തങ്ങൾക്ക് അർഹമായ പരിഗണന നൽകണമെന്നുമുള്ള പ്രമേയം യോഗത്തിൽ അവതരിപ്പിക്കും. ചാണ്ടി ഉമ്മൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റുകുര്യൻ ജോയി, സംസ്ഥാന സെക്രട്ടറി ടോംകോര , എന്നിവരുടെ പേരാണ് പരിഗണനയിൽ ഇവരിൽ ഒരാൾക്കെങ്കിലും നിയമസഭാ സീറ്റു ലഭിക്കണമെന്നാണ് പ്രധാന ആവശ്യം. ഒരു ഡസനോളം സീനിയർ നേതാക്കൾ ഗ്രൂപ്പിന്റെ ഭാഗമായി ഇടിക്കുന്നതിനിടയിൽ യൂത്തിന് എങ്ങനെ സീറ്റ് നൽകുമെന്നാണ് നേതാക്കൾ ചോദിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹരായ നിരവധി യുവാക്കൾ യൂത്തു കോൺഗ്രസിലുണ്ട്. ഇടതു സർക്കാരിനെതിരെ നിരവധി ജനകീയസമരങ്ങൾ നടത്തി ക്രൂരമായ പൊലീസ് മർദ്ദനമേറ്റത് യൂത്ത് കോൺഗ്രസുകാരാണ്.
ചിന്റു കുര്യൻ ജോയ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്
.