തലയോലപ്പറമ്പ് : വെട്ടിക്കാട്ടുമുക്ക് സർക്കാർ തടിഡിപ്പോയിൽ ആറുമാസമായി തടിയെത്താത്തത് ഡിപ്പോയെ ആശ്രയിച്ച് കഴിയുന്ന 75 ഓളം തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ജീവിതം കടുത്ത പ്രതിസന്ധിയിലാക്കുന്നു. എരുമേലി, തൊടുപുഴ, ഇടുക്കി റേഞ്ചുകൾക്ക് കീഴിലെ വനങ്ങളിൽ നിന്നാണ് വെട്ടിക്കാട്ടുമുക്ക് ഡിപ്പോയിൽ തടിയെത്തുന്നത്. സാധാരണ 1000 ക്യുബിക് മീറ്റർ തടിയാണ് എത്തുന്നത്. എരുമേലിയിൽ നിന്ന് പാറാമ്പുഴ ഡിപ്പോയിലേക്ക് അടുത്തിടെ തടി ലഭിച്ചിട്ടും വെട്ടിക്കാട്ടു മുക്ക് ഡിപ്പോയിൽ തടിയെത്തിക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചില്ല.

തടി എത്തിച്ച് ഡിപ്പോയുടെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ , മന്ത്രി കെ.രാജു, സി.കെ.ആശ എം.എൽ.എ തുടങ്ങിയവർക്ക് നിവേദനം നൽകുമെന്ന് ഐ.എൻ.ടി.യു.സി വെട്ടിക്കാട്ടുമുക്ക് തടി ഡിപ്പോ യൂണിയൻ പ്രസിഡന്റ് വി.ടി.ജയിംസ്, വാർഡ് മെമ്പർ നിയാസ് ജെ.കൊടിയനേഴത്ത്, സി.ഐ.ടി.യു സെക്രട്ടറി ദേവരാജൻ പുത്തൻപുര, എ.ഐ.ടി.യു.സി സെക്രട്ടറി കെ.ജെ.ജബ്ബാർ, ബി.എം.എസ് സെക്രട്ടറി ശശി വടുതുരുത്തിയിൽ, സ്വതന്ത്ര യൂണിയൻ സെക്രട്ടറി ജഗദീശൻ പുത്തൻപുര തുടങ്ങിയവർ പറഞ്ഞു.

ആദ്യത്തെ നാല് തടി ഡിപ്പോകളിലൊന്ന്

പത്തേക്കർ 35 സെന്റ് വിസ്തൃതിയുള്ള ഡിപ്പോ തിരുവിതാംകൂറിൽ ആരംഭിച്ച ആദ്യത്തെ നാല് തടി ഡിപ്പോകളിലൊന്നാണ്. മൂവാറ്റുപുഴയാറിന്റെ തീരത്ത് തലപ്പാറ - വെട്ടിക്കാട്ടുമുക്ക് - എറണാകുളം റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഡിപ്പോയിൽ ജലമാർഗവും റോഡുമാർഗവും എത്താൻ സൗകര്യമുള്ളതിനാൽ വിദൂരസ്ഥലങ്ങളിൽ നിന്ന് പോലും തടി വാങ്ങാൻ ആളെത്തിയിരുന്നു.

12 ഓളം ജീവനക്കാർ

ഡിപ്പോ ഓഫീസർ, നാല് വാച്ചർമാർ, ക്ലർക്ക് അടക്കം 12 ഓളം ജീവനക്കാരാണ് തടിഡിപ്പോയിലുള്ളത്. പ്രളയത്തിൽ ഡിപ്പോ മുങ്ങിയപ്പോൾ തൊഴിലാളികളുടെ പ്രതിബദ്ധതയോടെയുള്ള ഇടപെടൽ മൂലമാണ് തടികൾ നഷ്ടപ്പെടാതിരുന്നത്. മറ്റു പല തൊഴിൽ രംഗത്തുള്ളവർക്കും ധനസഹായം സർക്കാർ നൽകിയിട്ടും ഇവിടുത്തെ തൊഴിലാളികളെ പരിഗണിച്ചില്ല.