കോട്ടയം : പക്ഷിപ്പനി മൂലമുണ്ടായ കനത്ത നഷ്ടം പരിഗണിക്കാതെ സംസ്ഥാന സർക്കാർ താറാവു കർഷകരെ വഞ്ചിച്ചുവെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. ജില്ലയിലെ മുഴുവൻ താറാവുകളെയും നശിപ്പിച്ച് കർഷകർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടിയിരുന്നത് .രോഗം സ്ഥിരീകരിച്ചവയെ മാത്രം നശിപ്പിച്ച് നഷ്ടപരിഹാരം നൽകാനാണ് സർക്കാർ നീക്കം . ലക്ഷക്കണക്കിന് താറാവുകളെ വിൽക്കാനാകാതെ തീറ്റ കൊടുത്ത് വളർത്തേണ്ട സാഹചര്യമാണ് . ഇത് ഈ മേഖലയെ ഇല്ലാതാക്കുകയും കർഷക ആത്മഹത്യകൾക്കു കാരണമാവുകയും ചെയ്യും. പക്ഷിപ്പനി സ്ഥിരീകരിച്ച ജില്ലകളിലെ മുഴുവൻ താറാവിനെയും നശിപ്പിച്ച് കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായും എബി ഐപ്പ് പറഞ്ഞു.