പൊൻകുന്നം : കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന മണിമല മേജർ കുടിവെള്ളപദ്ധതി പൂർത്തിയായെന്നും മാർച്ചിൽ ജലവിതരണം ആരംഭിക്കുമെന്നും ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. വാഴൂർ , വെള്ളാവൂർ, മണിമല, ചിറക്കടവ്, കങ്ങഴ, പള്ളിക്കത്തോട് എന്നീ പഞ്ചായത്തുകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 2008 ൽ തുടക്കമിട്ട പദ്ധതി ഏറെ പ്രതിസന്ധികൾ തരണംചെയ്താണ് ഇതുവരെയെത്തിയത്. എ.ആർ.ഡബ്ല്യു.എസ്.എസ് എന്ന പേരിൽ ആരംഭിച്ച പദ്ധതിക്ക് ആദ്യ ഘട്ടമായി 18.33 കോടി രൂപയാണ് അനുവദിച്ചത്. ഈ പദ്ധതി പ്രകാരം വാട്ടർ ടാങ്ക്, ട്രീറ്റ്‌മെന്റ് പാന്റ് എന്നിവ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ബന്ധപ്പെട്ട പഞ്ചായത്തുകൾ സൗജന്യമായി നല്കണമെന്നായിരുന്നു വ്യവസ്ഥ.
എന്നാൽ പഞ്ചായത്തുകൾ ഭൂമി ഏറ്റെടുത്ത് നൽകാൻ കാലതാമസം വരുത്തിയത് പദ്ധതി ഇഴയാൻ കാരണമായി. ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം വെള്ളാവൂർ പഞ്ചായത്തിലെ കുളത്തുങ്കൽ ഭാഗത്താണ് കണ്ടെത്തിയത്. ഇതിനായി 3.75 കോടിക്ക് പ്ലാന്റ് ടെണ്ടർ ചെയ്തു. ഈ ഭൂമി സംബന്ധിച്ചുള്ള തർക്കം ദീർഘനാൾ നീണ്ടങ്കിലും പരിഹരിക്കാനായി. ഇതോടൊപ്പം ഓവർ ഹെഡ് ടാങ്ക് നിർമ്മിക്കുന്നതിനായി മണിമലയിലെ പൂവത്തോലി, വാഴൂരിലെ ഉള്ളായം, വെള്ളാവൂരിലെ കുളത്തുങ്കൽ, ചെറുവള്ളിയിലെ കറുത്ത മഞ്ഞാടി, പളളിക്കത്തോട്ടിലെ ചെങ്ങോലി എന്നിവിടങ്ങളിൽ സ്ഥലം കണ്ടെത്തി. പമ്പ് ഹൗസിന്റെയും കിണറിന്റെയും നിർമ്മാണത്തെ തുടർന്ന് ഏറത്തുവടകരയിലെ നൂലുവേലിയിൽ മണിമല ആറിന് കുറുകെ ചെക്ക്ഡാം നിർമ്മിച്ചു.
കേരളത്തിലെ ഏറ്റവും മികച്ച പ്ലാന്റ്
പമ്പ് ഹൗസിൽ നിന്ന് വിവിധ ടാങ്കുകളിലേക്കും ട്രീറ്റ്‌മെന്റ് പ്ലാന്റുകളിലേക്കുമുള്ള മെയിൻ പൈപ്പ് ലൈൻ സ്ഥാപിച്ചു. 95 ശതമാനം ശുദ്ധജലം ലഭ്യമാക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച പ്ലാന്റുകളിലൊന്നാണിത്. ട്രീറ്റ്‌മെന്റ് പ്ലാന്റിലെ പാറ പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികൾ രണ്ട് വർഷത്തോളം നീണ്ടു. മണിമല ആറ്റിലെ മാരൂർ കടവിൽ നിന്ന് വെള്ളം പമ്പു ചെയ്ത് കുളത്തുങ്കലിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച് അഞ്ചു പഞ്ചായത്തുകളിൽ സ്ഥാപിച്ച ഓവർ ഹെഡ് ടാങ്കുകളിലൂടെ വിതരണം ചെയ്യുന്ന പദ്ധതിയാണിത്.