കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾ പ്രചാരണ ചെലവിന്റെ കണക്ക് 15ന് മുൻപു സമർപ്പിക്കണം. ഫലപ്രഖ്യാപനം കഴിഞ്ഞ് 30 ദിവസത്തിനകം കണക്കു നൽകണമെന്നാണ് ചട്ടം. കൃത്യവും വിശദവുമല്ലാത്ത കണക്കുകൾ സ്വീകരിക്കില്ല.
നിർദിഷ്ട ഫോറം വരണാധികാരിയുടെ ഓഫീസിലും തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റിലും ലഭിക്കും. പഞ്ചായത്ത് സ്ഥാനാർത്ഥികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾ കളക്ടർക്കുമാണ് സമർപ്പിക്കേണ്ടത്. കണക്കിൽ കള്ളത്തരമുണ്ടെങ്കിലും കണക്കു സമർപ്പിച്ചില്ലെങ്കിലും നടപടിയുണ്ടാകും. പല സ്ഥാനാർത്ഥികളുടെയും ബോർഡും ബാനറും ചുവരെഴുത്തും മൈക്ക് പ്രചാരണവും നോട്ടീസും ഉൾപ്പെടെയുള്ള കണക്ക് തിരഞ്ഞെടുപ്പു നിരീക്ഷകർ മുൻകൂട്ടി ശേഖരിച്ചിട്ടുണ്ട്. പകുതി സ്ഥാനാർത്ഥികളുടെ കണക്കുകളെങ്കിലും നിരീക്ഷകരുടെ കണക്കുമായി ഒത്തു നോക്കും.
വൗച്ചറിന്റെ ബില്ലുകളുടെ ഒറിജിനൽ നിർബന്ധമാണ്. തിരഞ്ഞെടുപ്പിനായി കെട്ടിവച്ച തുകയും ചെലവായി കണക്കാക്കും. ഇതിനായി രസീതിന്റെ പകർപ്പ് ഹാജരാക്കിയാൽ മതി. തുക തിരിച്ചു വാങ്ങാൻ യഥാർത്ഥ രസീത് വേണമെന്നതിനാലാണിത്. അനുവദനീയമായതിലും ഏറെ തുക ചെലവഴിക്കുന്നുണ്ടോയെന്ന് കണക്കാക്കാൻ മൈക്രോ നിരീക്ഷകരും തിരഞ്ഞെടുപ്പു സമയത്തു രംഗത്തുണ്ടായിരുന്നു.
ഫോം എൻ –30
തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തിറക്കിയിട്ടുള്ള 'ഫോം എൻ –30ലാണ് കണക്കു സമർപ്പിക്കേണ്ടത്. തിയതി, ചെലവിന്റെ സ്വഭാവം, തുക (കൊടുത്തതും കൊടുക്കാനുള്ളതും), കൊടുത്ത തിയതി, തുക കൈപ്പറ്റിയവരുടെ പേരും വിലാസവും, വൗച്ചർ, ബിൽ നമ്പർ, കൊടുക്കാനുള്ളവരുടെ പേരും വിലാസവും തുടങ്ങിയവ രേഖപ്പെടുത്താൻ പ്രത്യേക കോളങ്ങളുണ്ട്.
അവസാന തിയതി
ജനുവരി 15ന്