കുമരകം : വേലിയേറ്റം മൂലം വെള്ളക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകളിൽ ക്രമീകരണം. വേലിയിറക്ക സമയത്ത് 20 ഷട്ടറുകൾ തുറക്കുകയും വേലിയേറ്റ സമയത്ത് അടയ്ക്കുകയും ചെയ്യുന്നതിനാണ് തീരുമാനം. കുട്ടനാട്ടിലടക്കമുള്ള അസാധാരണ വെള്ളക്കയറ്റത്തിനു പരിഹാരം കാണാനാണ് കളക്ടറുടെ നിർദ്ദേശ പ്രകാരം നടപടി. 11വരെയാണ് ക്രമീകരണം. ഇന്നലെ 20 ഷട്ടറുകൾ തുറക്കുകയും വൈകിട്ട് അടയ്ക്കുകയും ചെയ്തു. ഡിസംബർ അവസാനത്തോടെയാണ് ഷട്ടർകലണ്ടർ പ്രകാരം 90 ഷട്ടറുകളും അടച്ചത്. 70 ഷട്ടറുകൾ അടഞ്ഞു തന്നെ കിടക്കുകയാണ്. അടിക്കടി ഉയർത്തലും താഴ്ത്തലും ഒഴിവാക്കി ഷട്ടറുകൾ പൂർണമായി തുറന്നിടണമെന്ന ആവശ്യമുയർത്തി മത്സ്യത്തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റി ഷട്ടർ ഉയർത്തുന്നിടത്ത് പ്രതിഷേധിച്ചു. ഡി.ബാബു,കെ.വി.പ്രകാശൻ,പി.പ്രകാശൻ,വി.കെ.സുഗുണൻ,ബി.അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.