കട്ടപ്പന: മാവോയിസ്റ്റ് ബന്ധവും തമിഴ് സിനിമാ മേഖലയുമായുള്ള ബന്ധവുമെല്ലാം നാൾവഴികളായ കട്ടപ്പന ഹാഷിഷ് ഓയിൽ കേസിലെ പ്രതികൾ ഒടുവിൽ അഴിക്കുള്ളിൽ. 2017 ആഗസ്റ്റ് 20ന് പുലർച്ചെയാണ് ജില്ലയിലെ ഏറ്റവും വലിയ ഹാഷിഷ് വേട്ട കട്ടപ്പനയിൽ നടന്നത്. ഹാഷിഷ് കൈമാറ്റം ചെയ്യുന്നതിനിടെ നെടുങ്കണ്ടം കോടതിയിലെ മുൻ അഭിഭാഷകൻ രാമക്കൽമേട് പതാലിൽ ബിജു രാഘവൻ(40), ശാന്തൻപാറ വാക്കോടൻസിറ്റി പന്തനാൽ ഷിനോ ജോൺ(42), ശിവസേന മുൻ നേതാവ് നെടുങ്കണ്ടം പുത്തൻപുരയ്ക്കൽ അഞ്ജുമോൻ(അഞ്ജുമാഷ്41) എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് വരുന്നതറിഞ്ഞ് രക്ഷപ്പെട്ട നെടുങ്കണ്ടം പാറത്തോട് ഉറുമ്പിൽ അബിൻ ദിവാകരൻ(39) 12 ദിവസങ്ങൾക്കു ശേഷം സെപ്തംബർ രണ്ടിന് അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങുകയായിരുന്നു.

സിനിമാക്കാർക്ക് എത്തിച്ചു

രാജ്യാന്തര വിപണിയിൽ 17 കോടി രൂപ വിലമതിക്കുന്ന 17 കിലോ ഹാഷിഷാണ് കട്ടപ്പന, കുമളി, വണ്ടിപ്പെരിയാർ പൊലീസ് സംയുക്തമായി നടത്തിയ വേട്ടയിൽ പിടികൂടിയത്. അബിൻ ഉൾപ്പെട്ട സംഘം ആന്ധ്രാപ്രദേശിലെ ധാരാക്കോണ്ടയിൽ നിന്നാണ് 24 കിലോഗ്രാം ഹാഷിഷ് വാങ്ങിയത്. ഇതിൽ 6.565 കിലോഗ്രാം ഹാഷിഷ് ബംഗളുരുവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ 2017 ജൂലൈ ഏഴിന് നെടുങ്കണ്ടം കമ്പിളികണ്ടം പാറത്തോട് സ്വദേശി ബിജു, കണ്ണൂർ സ്വദേശി ജോൺസൺ എന്നിവരെ സിദ്ധഗുണ്ടപാളയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കട്ടപ്പനയിൽ പിടിയിലായവരുൾപ്പെട്ട സംഘമാണ് ബംഗളുരുവിലും വിൽക്കാൻ ശ്രമിച്ചത്. എന്നാൽ കട്ടപ്പനയിൽ പിടിയിലായവർ ഇവിടെ നിന്ന് രക്ഷപ്പെട്ടു. ഇവരുടെ പക്കൽ സൂക്ഷിച്ചിരുന്നതിൽ നിന്ന് ഒരു കിലോഗ്രാം ഹാഷിഷ് തമിഴ് സിനിമ പ്രവർത്തകർക്ക് ദേവികുളത്ത് വിൽപ്പന നടത്തിയിരുന്നു. ബാക്കി 17 കിലോയാണ് ഷിനോയുടെ വീടിനു സമീപത്തെ പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു.

ആവശ്യക്കാരായെത്തി

കുടുക്കി

2017 ജൂലൈയിൽ എറണാകുളത്ത് ഹാഷിഷുമായി പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ഇടുക്കിയിലും എത്തിയിട്ടുള്ളതായി വിവരം ലഭിച്ചത്. തുടർന്ന് അന്നത്തെ ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആവശ്യക്കാരെന്ന വ്യാജേന ഇവരുമായി പൊലീസ് നിരന്തരം ബന്ധപ്പെട്ടു. വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു ഇടപെടൽ. തുടർന്ന് കിലോഗ്രാമിന് 50 ലക്ഷം രൂപ നിരക്കിൽ വിലയുറപ്പിച്ചു. കൈമാറുന്ന സ്ഥലങ്ങൾ നിരവധി തവണ മാറ്റിയ ശേഷമാണ് ഒടുവിൽ 20ന് പുലർച്ചെ നാലോടെ മാരുതി കാറിൽ പ്രതികൾ കട്ടപ്പനയിലെത്തിയത്. മുഖ്യപ്രതി അബിനാണ് വാഹനം ഓടിച്ചിരുന്നത്. സംശയം തോന്നിയ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. കട്ടപ്പന, കുമളി, വണ്ടിപ്പെരിയാർ സ്റ്റേഷനുകളിലെ എസ്.ഐമാരായിരുന്ന കെ.എം. സന്തോഷ് കുമാർ, ജോബി തോമസ്, ബ്രിജിത് ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് മറ്റു പ്രതികളെ പിടികൂടിയത്. വാഹനത്തിന്റെ പിൻസീറ്റിനടിയിലാണ് ഓരോ കിലോഗ്രാം വീതമാക്കി ഹാഷിഷ് സൂക്ഷിച്ചിരുന്നത്. കൂടാതെ കാറിനുള്ളിൽ നിന്നു മുളക്‌പൊടി, നെഞ്ചക്ക് തുടങ്ങിയവയും കണ്ടെടുത്തിരുന്നു. പിന്നീട് അന്നത്തെ കട്ടപ്പന സി.ഐ. വി.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾക്കുള്ള മാവോയിസ്റ്റ് ബന്ധം കണ്ടെത്തുന്നത്.

മാവോയിസ്റ്റുകളുമായി ചെങ്ങാത്തം

ആന്ധ്രായിലെ മാവോയിസ്റ്റുകളുടെ അധീനതയിലുള്ള കഞ്ചാവ് തോട്ടത്തിൽ നിന്നാണ് പ്രതികൾ കഞ്ചാവ് വാങ്ങിയിരുന്നത്. വർഷങ്ങളായി ഇവർക്ക് ഇവിടവുമായി ബന്ധമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. കഞ്ചാവ് ഇവിടെത്തന്നെ സംസ്‌കരിച്ച് ഹാഷിഷാക്കിയാണ് കേരളത്തിലേക്ക് കടത്തിയിരുന്നത്. തമിഴ് സിനിമ പ്രവർത്തകർക്ക് ഹാഷിഷ് കൈമാറിയത് ആറാം പ്രതി കൊട്ടക്കാമ്പൂർ ചിലന്തിയാർ സ്വദേശി സുരേഷാ(25) യിരുന്നു. ഇയാൾ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു. ഇതേസംഘം മുമ്പ് തമിഴ് ചലച്ചിത്ര പ്രവർത്തകർക്ക് 22 കിലോഗ്രാം കഞ്ചാവ് ചെന്നൈയിൽ കൈമാറിയിരുന്നു. ഹൈദ്രാബാദിൽ നിന്നാണ് അന്ന് കഞ്ചാവ് എത്തിച്ചത്. ഈ ഇടപാടിന്റെ ചുവടുപിടിച്ചാണ് ഹാഷിഷ് വാങ്ങാൻ സംഘം ഇടുക്കിയിലെത്തിയത്. ഒരു സ്ത്രീ ഉൾപ്പെട്ട സംഘം ദിവസങ്ങളോളം ദേവികുളത്തെ ഹോംസ്റ്റേയിൽ താമസിച്ചിരുന്നു. കിലോഗ്രാമിന് ഒരു കോടിയിലധികം വിലമതിക്കുന്ന ഹാഷിഷ് ഒരു ലക്ഷം രൂപയ്ക്കാണ് ചലച്ചിത്ര പ്രവർത്തകർക്ക് കൈമാറിയത്. ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ വട്ടവട ശാഖയിലെ അസിസ്റ്റന്റ് മാനേജരായിരുന്ന അബിൻ ദിവാകരനെ സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് പുറത്താക്കിയിരുന്നു. ഹാഷിഷ് ഓയിൽ നിർമാണത്തിനായി ഇയാൾ വൻതുക മുടക്കിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.