പാലാ : ഇലവീഴാപൂഞ്ചിറ റോഡിന്റെ നവീകരണത്തിന് സംസ്ഥാന സർക്കാർ 11 കോടി 19 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം.എൽ.എ അറിയിച്ചു. ഇതു സംബന്ധിച്ച ഭരണാനുമതിയും സർക്കാർ ഉത്തരവും ഇന്നലെ പുറത്തിറങ്ങി. സാങ്കേതികാനുമതി ഉടൻ ലഭ്യമാക്കി റോഡ് നവീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 11 കിലോമീറ്റർ ദൂരമുള്ള കാഞ്ഞാർ കൂവപ്പള്ളി ചക്കിക്കാവ് ഇലവീഴാപൂഞ്ചിറ മേലുകാവ് റോഡിന്റെ അഞ്ചരകിലോമീറ്റർ മുതലുള്ള തകർന്ന് തരിപ്പണമായ റോഡാണ് ബി.എം.ബി.സി ടാറിംഗ് നടത്തി നവീകരിക്കുന്നത്. പന്ത്രണ്ടു വർഷത്തിലേറെക്കാലമായി റോഡ് തകർന്ന് കിടക്കുന്നത്. നാട്ടുകാർ നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ഉയർത്തിയെങ്കിലും ഫലമുണ്ടായില്ല. ടാക്‌സി വാഹനങ്ങൾ ഈ വഴി സഞ്ചരിക്കാൻ യാത്രക്കാരിൽ നിന്ന് ആയിരം രൂപ വരെ ഈടാക്കിയിരുന്നു. വാഹനത്തിന്റെ ടയർ കീറി പോകുന്നതടക്കമുള്ള നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഉയർന്ന ചാർജുകൾ ഈടാക്കിയിരുന്നത്. മറ്റ് വഴികളില്ലാതെ വന്നതോടെ ഉയർന്ന തുക നൽകാൻ നാട്ടുകാർ നിർബന്ധിതരാകുകയായിരുന്നു. രോഗികളെ ആശുപത്രിയിലെത്തിക്കാനടക്കം ആളുകൾ ഏറെ കഷ്ടപ്പെട്ടിരുന്നു. ഇലവീഴാപൂഞ്ചിറ ടൂറിസം, ഇല്ലിക്കൽക്കല്ല് ടൂറിസം വികസനം അടക്കമുള്ള നിരവധി വികസന സാദ്ധ്യതകളാണ് റോഡ് നവീകരണം പൂർത്തിയാകുന്നതോടെ നടപ്പാകുന്നത്.