രാമപുരം : ഗ്രാമപഞ്ചായത്തിൽ ഇന്നലെ നടന്ന ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് കോൺഗ്രസ് അംഗങ്ങൾ വോട്ടു ചെയ്തതോടെ അവിശുദ്ധ കൂട്ടുകെട്ടെന്ന ആരോപണവുമായി എൽ.ഡി.എഫ് രംഗത്ത്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയെ നിറുത്തിയിരുന്നില്ല. കേരള കോൺഗ്രസ് (എം) അംഗം മത്സരിച്ചെങ്കിലും ഏഴ് വോട്ടാണ് ലഭിച്ചത്. മൂന്നു അംഗങ്ങളുളള ബി.ജെ.പിയ്ക്ക് കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്തതോടെ വിജയിച്ചു. രണ്ട് സ്വതന്ത്രരും കേരളാ കോൺഗ്രസ് എമ്മിനെ പിന്തുണച്ചു. കോൺഗ്രസ് അംഗങ്ങൾ ബി.ജെ.പിയ്ക്ക് പരസ്യമായി വോട്ടു ചെയ്തതോടെ ഇവരുടെ അവിശുദ്ധ കൂട്ടുകെട്ട് പുറത്തുവന്നിരിക്കുകയാണെന്ന് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയിടത്തുചാലിൽ പറഞ്ഞു.