കോട്ടയം: പക്ഷിപ്പനിയും കൊവിഡും പ്രതിരോധിക്കുന്നതിനുള്ള ജില്ലയിലെ നടപടികൾ തൃപ്തികരമാണെന്നും ജാഗ്രത തുടരണമെന്നും കേന്ദ്ര സംഘം. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിൻഹാജ് ആലം, ന്യൂഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്.കെ. സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നലെ ജില്ലയിൽ സന്ദർശനം നടത്തിയത്.
കളക്ടർ എം. അഞ്ജനയുമായും ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ ജില്ലാ മേധാവികളുമായും കൂടിക്കാഴ്ച്ച നടത്തിയ ഇവർ നീണ്ടൂരിൽ പക്ഷിപ്പനി ബാധിച്ച മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. താറാവ് കർഷകരെ നേരിൽ കണ്ട് സംസാരിച്ചു. ദേശാടനപക്ഷികളുടെയും രോഗം ബാധിച്ച പക്ഷികളുമായി സമ്പർക്കമുള്ള കർഷകരുടെയും ദ്രുതകർമ്മ സേനാംഗങ്ങളുടെയും സാമ്പിളുകൾ പരിശോധിക്കണം. നീണ്ടൂർ മേഖലയിലെ ജലാശയങ്ങളിലെ വെള്ളത്തിന്റെ സാമ്പിളുകളും പരിശോധനാ വിധേയമാക്കണം. വീടുകളിൽ ഒന്നോ രണ്ടോ വളർത്തുപക്ഷികൾ മാത്രമുള്ളവരും കരുതൽ പാലിക്കണം . പക്ഷിപ്പനിയുണ്ടായ സ്ഥലങ്ങളിലെ ജനങ്ങൾക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം തുടരണം.
നിലവിൽ ഉയർന്ന തോതിൽ സാമ്പിൾ പരിശോധന നടക്കുന്നുണ്ടെങ്കിലും കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആർ.ടി.പി.സി.ആർ സാമ്പിൾ പരിശോധന ഇനിയും വർദ്ധിപ്പിക്കാം. എച്ച് വൺ എൻ വൺ വൈറസ് ബാധയ്‌ക്കെതിരെയും മുൻകരുതൽ ആവശ്യമാണെന്ന് സംഘാംഗങ്ങൾ ചൂണ്ടിക്കാട്ടി.
കളക്ടർ എം. അഞ്ജന, സബ് കളക്ടർ രാജീവ്കുമാർ ചൗധരി, എ.ഡി.എം അനിൽ ഉമ്മൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി തുടങ്ങിയവർ പങ്കെടുത്തു.