കോട്ടയം: വാദിയെ പ്രതിയാക്കുന്നെന്ന് കാട്ടി പള്ളിക്കത്തോട് പൊലീസിനെതിരെ യുവജന കമ്മിഷനിൽ പരാതി. ആലപ്ര സ്വദേശി സനൂപാണ് കഴിഞ്ഞ ജൂലായ് 30 നുണ്ടായ വാഹനാപകടത്തിൽ നിരപരാധിയായ തന്നെ പ്രതിയാക്കി പീഡിപ്പിക്കുന്നെന്ന് കാട്ടി പരാതി നൽകിയത്. ലൈസൻസും ഇൻഷുറൻസുമുള്ള തന്റെ ബൈക്കിൽ ഇത് രണ്ടുമില്ലാത്ത കൊടുങ്ങൂർ സ്വദേശി ഓടിച്ച ബൈക്ക് ഇടിക്കുകയും ബൈക്കിന് പിന്നിൽ ഇരുന്നയാൾ മരിക്കുകയും ചെയ്തു. എന്നാൽ പൊലീസ് തന്നെ പ്രതിയാക്കി കേസെടുക്കുകയാണെന്നാണ് സനൂപിന്റെ പരാതി. ഇന്നലെ നടന്ന സിറ്റിംഗിൽ പരാതി കമ്മിഷൻ ഫയലിൽ സ്വീകരിച്ചു. കൊവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം ലഭിക്കുന്നതിനായി സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് നൽകിയ പരാതിയിൽ ശമ്പള കുടിശിക പൂർണമായി കൊടുത്തുതീർത്തതായി ആശുപത്രി അധികൃതർ കമ്മിഷനെ അറിയിച്ചു. ഇതു സംബന്ധിച്ച രേഖകകളും ഹാജരാക്കി. കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്‌സിലെ വിദ്യാർത്ഥികളുടെ ഇ ഗ്രാന്റ് സംബന്ധിച്ച പരാതികളും പരിഹരിച്ചു. നാട്ടകം ഗസ്റ്റ് ഹൗസിൽ നടന്ന അദാലത്തിൽ പരിഗണിച്ച 14 പരാതികളിൽ ആറെണ്ണത്തിൽ തീർപ്പായി. കമ്മിഷൻ അംഗങ്ങളായ പി.എ. സമദ്, വി. വിനിൽ, സെക്രട്ടറി ടി.കെ. ജയശ്രീ എന്നിവർ നേതൃത്വം നൽകി.