കോട്ടയം: താഴത്തങ്ങാടി സ്വദേശിയെ ഹണി ട്രാപ്പിൽ പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ പൊലീസിനുവേണ്ടി സൈബർ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവ് അടക്കം നാലുപേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഈ കേസിൽ ഒരാൾകൂടി അറസ്റ്റിലാവാനുണ്ട്. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കി
സൈബർ വിദഗ്ദ്ധൻ വേളൂർ തൈപ്പറമ്പിൽ ടി.എസ് അരുൺ (29), തിരുവാർപ്പ് കിളിരൂർ ചെറിയ കാരയ്ക്കൽ ഹരികൃഷ്ണൻ (23), പുത്തൻ പുരയ്ക്കൽ അഭിജിത്ത് (21), തിരുവാർപ്പ് മഞ്ഞപ്പള്ളിയിൽ ഗോകുൽ (20) എന്നിവരെയാണ് ഇന്നലെ കോട്ടയം വെസ്റ്റ് സി.ഐ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഭാര്യ വിദേശത്തായ താഴത്തങ്ങാടി സ്വദേശിയായ യുവാവിനെയാണ് പ്രതികൾ ഫേസ്ബുക്ക് മെസഞ്ചറിലൂടെ കുടുക്കിയത്.
ആദ്യം ഫേസ് ബുക്കിൽ ഒരു പെൺകുട്ടി ഇയാളുമായി ചങ്ങാത്തത്തിലായി. പിന്നീട്, മെസഞ്ചറിലൂടെ ചാറ്റിംഗ് തുടങ്ങി. അതിനിടെ യുവാവ് പെൺകുട്ടിയെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ പെൺകുട്ടി വീഡിയോകോളിൽ മുഖം കാണിക്കാതെ നഗ്നയായി പ്രത്യക്ഷപ്പെട്ട് സംസാരിച്ചു. തൊട്ടടുത്ത ദിവസം തട്ടിപ്പു സംഘം യുവാവിനെ ഫോണിൽ വിളിച്ച് പെൺകുട്ടിയോട് അശ്ലീലം സംസാരിച്ചതായും അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പോക്സോ കേസിൽ കുടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭീഷണി തുടർന്നതോടെ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസിന്റെ നിർദ്ദേശാനുസരണം യുവാവ് പണം നൽകാമെന്ന് അറിയിച്ചു. ഇന്നലെ ഉച്ചയോടെ പണം വാങ്ങാനെത്തിയ പ്രതികളെ ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെയും ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെയും നിർദ്ദേശപ്രകാരം സി.ഐയും സംഘവും വളയുകയായിരുന്നു. വളരെ തന്ത്രപരമായാണ് ഇവരെ കുടുക്കിയത്. പ്രച്ഛന്ന വേഷത്തിൽ പാറേച്ചാൽ ബൈപാസ് റോഡിൽ ബൈക്കുകളിലും സ്കൂട്ടറുകളിലുമായി നാല് സംഘമായിട്ടാണ് പൊലീസ് എത്തിയത്. ഇവർ പൊലീസാണെന്ന് മനസിലാക്കാതെ പൊലീസിനോട് ഏറ്റുമുട്ടാനും ഇവർ മുതിർന്നു. അവസാനം മൽപ്പിടുത്തത്തിലൂടെയാണ് ഒരോരുത്തവരെയും പൊലീസ് കീഴ്പ്പെടുത്തിയത്.
കോടിമത ബോട്ട്ജെട്ടി റോഡിൽ ഫിലാൻസാ സെക്യൂരിറ്റീസ് എന്ന സ്ഥാപനം നടത്തിവരുന്നയാളാണ് അരുൺ. പൊലീസുകാർക്കും വിദ്യാർത്ഥികൾക്കും സൈബർ സുരക്ഷാ ക്ലാസുകൾ എടുക്കുന്നതിനാൽ തന്നെ അറസ്റ്റ് ചെയ്യില്ലായെന്നാണ് ഇയാൾ വിചാരിച്ചത്.