ആദ്യ ഹണിട്രാപ്പിലെ ഗുണ്ടാ നേതാവ് ഇപ്പോഴും ഒളിവിൽ
കോട്ടയം : ആറു മാസത്തിനിടെ കോട്ടയം നഗരത്തിൽ രണ്ടാംഹണി ട്രാപ്പും. കഴിഞ്ഞ ദിവസം പൊലീസിന്റെ സൈബർഗുരു ഉൾപ്പെടെ നാല് യുവാക്കളെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ നടന്ന ഹണിട്രാപ്പ് കേസിന്റെ പ്രധാന ആസൂത്രകനായ യുവാവിനെ ഇനിയും പിടികൂടിയിട്ടില്ല. സ്വർണ വ്യാപാരിയായിരുന്നു അന്ന് കെണിയിൽപ്പെട്ടത്.കളക്ടറേറ്റിനു സമീപത്തെ ലോഡ്‌ജിലേയ്‌ക്കു ഇയാളെ വിളിച്ചു വരുത്തിയ ശേഷം സ്‌ത്രീകളെ ഒപ്പമിരുത്തി കുടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആർപ്പൂക്കര മുടിയൂർക്കര സ്വദേശി സുനാമി എന്ന പ്രവീൺ കുമാർ, മലപ്പുറം സ്വദേശി മുഹമ്മദ് ഹാനീഷ് -( 24), കണ്ണൂർ തളിപ്പറമ്പ് കുറ്റിയാട്ടൂർ മയ്യിൽ നൌഷാദ് (പുയ്യാപ്ല നൗഷാദ് -41) , ഇയാളുടെ മൂന്നാം ഭാര്യ കാസർകോട് തൃക്കരിപ്പൂർ എളംബച്ചി വില്ലേജിൽ പുത്തൻ പുരയിൽ വീട്ടിൽ മെഹ്മൂദ് കളപ്പുരക്കൽ മകൾ ഫസീല (34), കാസർകോട് പടന്ന ഉദിനൂർ അൻസാറിന്റെ ഭാര്യ സുമ (30), ഉദിനൂർ പോസ്റ്റൽ അതിർത്തിയിൽ അൻസാർ(23) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. മുഖ്യആസൂത്രകനായിരുന്ന ഗുണ്ടാ സംഘത്തലവൻ അരുൺ ഗോപനായി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെയും പിടികൂടാനായില്ല.
സൈബർഗുരു വില്ലനാകുമ്പോൾ
സ്‌കൂൾ വിദ്യാർത്ഥികൾക്കും പൊലീസിനും അടക്കം വിവിധ മേഖലകളിൽ സൈബർ സുരക്ഷയെപ്പറ്റി ക്ലാസെടുത്തിരുന്ന യുവാവിനെയും കൂട്ടുകാരെയുമാണ് കഴിഞ്ഞ ദിവസം വെസ്റ്റ് പൊലീസ് പിടികൂടിയത്. താഴത്തങ്ങാടി സ്വദേശിയായ യുവാവിനെയാണ് ഇവർ ഫേസ്ബുക്ക് മെസഞ്ചർ വഴി അശ്ലീല വീഡിയോ കെണിയിൽ കുടുക്കിയത്. തിരുവാതുക്കൽ വേളൂർ തൈപ്പറമ്പിൽ വീട്ടിൽ ടി.എസ് അരുൺ (29), തിരുവാർപ്പ് കിളിരൂർ ചെറിയ കാരയ്ക്കൽ വീട്ടിൽ ഹരികൃഷ്ണൻ (23) , പുത്തൻ പുരയ്ക്കൽ അഭിജിത്ത് (21) , തിരുവാർപ്പ് മഞ്ഞപ്പള്ളിയിൽ ഗോകുൽ (20) എന്നിവരാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ അനന്ദുവിനെ പിടികൂടാനുണ്ട്.